ടെൽ അവീവ്: ഇസ്രയേലുമായുള്ള ബന്ധം ഉരുക്കുപോലെ ശക്തമെന്ന് അമേരിക്ക. ഇസ്രയേലിൽ സന്ദർശനത്തിനെത്തിയ അമേരിക്കൻ പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിനാണ് ഇസ്രയേലുമായുള്ള ബന്ധം ശക്തമാണെന്ന് വ്യക്തമാക്കിയത്. 2015ലെ ഇറാനുമായുള്ള ആണവകരാറുകളുമായി ബന്ധപ്പെട്ട് അമേരിക്ക വീണ്ടും നയം മാറ്റത്തിന് ശ്രമിക്കുന്നതിന്റെ നീരസം ഇസ്രയേൽ പ്രകടിപ്പിച്ചതിന് പിന്നാലെയാണ് ഓസ്റ്റിന്റെ സന്ദർശനം.ഇതിനിടെ ഇന്നലെ ഇറാന്റെ ആണവനിലയത്തിന്റെ വൈദ്യുതി ഇസ്രയേൽ വിഛേദിച്ച സംഭവം യാദൃശ്ചികമായി.
ഈ ബന്ധം വിശ്വാസത്തിൽ അടിയുറച്ചതാണ്. അത് ദശകങ്ങളായ സഹകരണത്തിലൂടെ ഉരുത്തിരിഞ്ഞതാണെന്നും ഓസ്റ്റിൻ പറഞ്ഞു. ഇസ്രയേൽ പ്രതിരോധമന്ത്രി ബെന്നി ഗാന്റ്‌സുമൊത്താണ് ഓസ്റ്റിൻ സംയുക്ത പ്രസ്താവന നടത്തിയത്.
ജോ ബൈഡൻ സ്ഥാനമേറ്റ ശേഷം അമേരിക്കയുടെ പ്രതിരോധ സെക്രട്ടറി ആദ്യമായാണ് ഇസ്രയേലിലെത്തുന്നത്. ഇരുരാജ്യങ്ങളും തമ്മിലുള്ള ആയുധ ഇടപാടുകൾ, വിമാന ഇടപാ ടുകൾ, റഡാർ സംവിധാനങ്ങൾ എന്നിവയടക്കം ഓസ്റ്റിൻ ചർച്ച ചെയ്യും.
അമേരിക്കയുമായും സഖ്യരാജ്യങ്ങളുമായും ഇസ്രയേൽ എന്നും നല്ല ബന്ധം കാത്തു സൂക്ഷി ക്കാൻ ആഗ്രഹിക്കുന്നു. ഒപ്പം ഇറാനുമായുള്ള അമേരിക്കയുടെ ബന്ധം മേഖലയിലെ സുരക്ഷയെ മുൻനിർത്തി ശ്രദ്ധാപൂർവ്വമുള്ള ഇടപാടായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഗാന്റ്‌സ് പ്രസ്താവനയിൽ പറഞ്ഞു.