വാഷിംഗ്ടണ്‍: ഇന്ത്യയുമായുള്ള ബന്ധം മെച്ചപ്പെടുത്താനും ഭീകരര്‍ക്കെതിരേ പോരാടാനും പാക്കിസ്ഥാന് 860 മില്യണ്‍ ഡോളര്‍ സഹായം നല്കാമെന്ന് യുഎസ്. അതില്‍ 265 മില്യണ്‍ ഡോളര്‍ തീവ്രവാദത്തെ നേരിടാന്‍ സൈനികശക്തി വര്‍ധിപ്പിക്കുന്നതിനും അണ്വായുധങ്ങളുടെ സംരക്ഷണത്തിനും വേണ്ടിയാണ്.
യുഎസ് പ്രസിഡന്റ് ബറാക് ഒബാമയുടെ ബജറ്റില്‍ പാക്കിസ്ഥാന്റെ പേര് പരാമര്‍ശിച്ചിട്ടില്ലെങ്കിലും സ്റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറിയുടെ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
യുഎസിന്റെ ഭീകരവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് പാക്കിസ്ഥാനു സഹായം നല്കുന്നതെന്നാണു കെറിയുടെ ഭാഷ്യം. തീവ്രവാദത്തെ തുടച്ചു നീക്കാന്‍ യുഎസിനൊപ്പം പാക്കിസ്ഥാന്റെ സഹകരണം ആവശ്യമാണ്. അഫ്ഗാനിസ്ഥാനിലെ സമാധാന ശ്രമങ്ങള്‍ തുടരുന്നതിനൊപ്പം ഇന്ത്യയുമായുള്ള ബന്ധം ഊഷ്മളമാക്കാനും പാക്കിസ്ഥാന് സഹായം ചെയ്യുമെന്നും കെറിയുടെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.