വാഷിങ്ങ്ടണ്‍: ഖലിസ്ഥാന്‍ അനുകൂല നേതാവ് ഹര്‍ദീപ് സിങ് നിജ്ജറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ ഇന്ത്യ സഹകരിക്കണമെന്ന് ആവര്‍ത്തിച്ച് അമേരിക്ക. അമേരിക്കന്‍ വിദേശകാര്യ വക്താവ് മാത്യു മില്ലറാണ് കാനഡയെ പിന്തുണച്ച് രംഗത്ത് വന്നത്. ഇതിനിടെ കഴിഞ്ഞ ദിവസം ചേര്‍ന്ന ക്വാഡ് നേതാക്കളുടെ യോഗത്തില്‍ കാനഡ വിഷയം ചര്‍ച്ചയായില്ലെന്നും മാത്യു മില്ലര്‍ വ്യക്തമാക്കി. ഉഭയകക്ഷി കൂടിക്കാഴ്ചയായിരുന്നില്ല, ക്വാഡ് അംഗങ്ങളുടെ യോഗമായിരുന്നു നടന്നതെന്നായിരുന്നു ഈ വിഷയത്തില്‍ മാത്യു മില്ലറുടെ പ്രതികരണം.
ഇതിനിടെ വാഷിങ്ങ്ടണില്‍ വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനുമായി കൂടിക്കാഴ്ച നടത്തും. നിര്‍ണ്ണായക ഉഭയകക്ഷികള്‍ ചര്‍ച്ചകള്‍ നടന്നേക്കുമെന്നാണ് റിപ്പോര്‍ട്ട്. അമേരിക്കന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജേക്ക് സള്ളിവനുമായും എസ് ജയശങ്കര്‍ ചര്‍ച്ച നടത്തും. ഇന്ത്യ-കാനഡ വിഷയം അമേരിക്കയുടെ മുതിര്‍ന്ന ഉദ്യോഗസ്ഥരുമായുള്ള എസ് ജയശങ്കറിന്റെ കൂടിക്കാഴ്ചയില്‍ ചര്‍ച്ചായേക്കുമെന്നാണ് വിവരം.
ഇന്ത്യയുമായി തര്‍ക്കം തുടരുന്നതിനിടെ നാസി വിമുക്തഭടനെ ആദരിച്ച വിഷയത്തില്‍ കാനഡ വിവാദത്തിലായി. കഴിഞ്ഞ ദിവസമാണ് കനേഡിയന്‍ പാര്‍ലമെന്റില്‍ നാസി വിമുക്തഭടനെ ആദരിച്ചത്. നാസി വിമുക്തഭടനെ ആദരിച്ചതില്‍ ഖേദപ്രകടവുമായി കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ രംഗത്ത് വന്നിട്ടുണ്ട്. പാര്‍ലമെന്റില്‍ സംഭവിക്കാന്‍ പാടില്ലാത്ത കാര്യമെന്ന വിശദീകരണവുമായിട്ടായിരുന്നു ജസ്റ്റിന്‍ ട്രൂഡോയുടെ ഖേദ പ്രകടനം. സംഭവവുമായി ബന്ധപ്പെട്ട് കനേഡിയന്‍ പാര്‍ലമെന്റ് സ്പീക്കര്‍ കഴിഞ്ഞ ദിവസം രാജിവെച്ചിരുന്നു.
നേരത്തെ യുഎന്‍ പൊതുസഭയില്‍ വിദേശകാര്യമന്ത്രി എസ് ജയ്ശങ്കര്‍ കാനഡയ്ക്ക് പരോക്ഷ മറുപടി നല്‍കിയിരുന്നു. എല്ലാ രാജ്യങ്ങളുടേയും പരമാധികാരത്തെ മാനിക്കുന്നുവെന്നും എന്നാല്‍ രാജ്യങ്ങള്‍ മറ്റ് രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടരുതെന്നും ജയ്ശങ്കര്‍ പറഞ്ഞിരുന്നു. ഇന്ത്യ-കാനഡ നയതന്ത്ര തര്‍ക്കത്തിന് പിന്നില്‍ കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുടെ രാഷ്ട്രീയ താത്പര്യമാണെന്ന് പരോക്ഷമായി വിമര്‍ശിക്കുന്നതായിരുന്നു ഇന്ത്യന്‍ വിദേശകാര്യ മന്ത്രിയുടെ പ്രസംഗം.
ഭീകരവാദത്തോടുള്ള നിലപാട് രാഷ്ട്രീയ താത്പര്യമനുസരിച്ചാകരുതെന്ന് എസ് ജയ്ശങ്കര്‍ വ്യക്തമാക്കിയിരുന്നു. ഖലിസ്ഥാന്‍ അനുകൂല നേതാവ് ഹര്‍ദീപ് സിങ് നിജ്ജാറിന്റെ കൊലപാതകത്തില്‍ ഇന്ത്യക്കെതിരെ തെളിവുണ്ടെന്ന കാനഡയുടെ ആരോപണങ്ങള്‍ നേരിട്ട് പരാമര്‍ശിക്കാതെയിരുന്നു ജയങ്കറിന്റെ പ്രസംഗം.