റഷ്യക്കെതിരെ യു.എസ് തിരിഞ്ഞാൽ, ആദ്യ തിരിച്ചടി ‘കിമ്മിൽ’ നിന്നാകുമോ ?

യുക്രെയിന്‍ വിഷയത്തില്‍ അമേരിക്കയെ സമ്മര്‍ദ്ദത്തിലാക്കാന്‍ റഷ്യയുടെ തന്ത്രപരമായ നീക്കം. ഏതെങ്കിലും തരത്തിലുള്ള തിരിച്ചടിക്ക് അമേരിക്കയും സഖ്യകക്ഷികളും മുതിര്‍ന്നാല്‍ അമേരിക്ക എന്ന രാജ്യത്തെ തന്നെ നശിപ്പിച്ചു കളയും എന്ന തരത്തിലുള്ള പകയോടു കൂടിയാണ് റഷ്യ നീങ്ങുന്നത്. അമേരിക്കയുടെ കടുത്ത ശത്രുക്കളായ ചൈന, ഇറാന്‍, ഉത്തര കൊറിയ രാജ്യങ്ങളും ഇപ്പോഴത്തെ സംഭവവികാസങ്ങളെ ആകാംക്ഷയോടെയാണ് ഉറ്റു നോക്കുന്നത്. ഈ രാജ്യങ്ങള്‍ അവസരം ലഭിച്ചാല്‍ അമേരിക്കക്ക് എതിരെ നീങ്ങുമെന്നതും ഉറപ്പാണ്.

അമേരിക്ക-റഷ്യ യുദ്ധാന്തരീക്ഷം ശക്തമായിരിക്കെ അമേരിക്കയെ ഞെട്ടിച്ച പരീക്ഷണവുമായാണ് ഇപ്പോള്‍ ഉത്തര കൊറിയയും രംഗത്തു വന്നിരിക്കുന്നത്. ഉത്തര കൊറിയ വിക്ഷേപിച്ച രണ്ട് ബാലിസ്റ്റിക് മിസൈലുകള്‍ കിഴക്കന്‍ കടലിലാണ് പതിച്ചിരിക്കുന്നത്. ഇക്കാര്യം ദക്ഷിണ കൊറിയയും സ്ഥിരീകരിച്ചിട്ടുണ്ട്. ജനുവരി മാസം നടക്കുന്ന ആറാമത്തെ വിക്ഷേപണമാണിത്. അവസാനത്തെ പരീക്ഷണം ഉത്തര കൊറിയയുടെ കിഴക്കന്‍ തീരത്തുള്ള ഹാംഹംഗില്‍ നിന്നാണ് നടത്തിയിരിക്കുന്നത്. ജപ്പാന്റെ പ്രത്യേക സാമ്പത്തിക മേഖലയ്ക്ക് പുറത്തുള്ള കടലിലാണ് മിസൈലുകള്‍ പതിച്ചിരിക്കുന്നത്. അമേരിക്കയുടെ കൈവശമുള്ള ഒരു ദ്വീപിനെ തന്നെ ചാരമാക്കാന്‍ ശേഷിയുള്ള മിസൈലാണ് ഇതെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അമേരിക്കന്‍ ചാര സംഘടനയായ സി.ഐ.എ യും ഇതു സംബന്ധമായ റിപ്പോര്‍ട്ട് വൈറ്റ് ഹൗസിനും കൈമാറിയിട്ടുണ്ട്.

ഉത്തര കൊറിയ അടിയ്ക്കടി നടത്തിയ മിസൈല്‍ പരീക്ഷണങ്ങള്‍ക്കെതിരെ ശക്തമായ ഉപരോധമാണ് അമേരിക്ക ഏര്‍പ്പെടുത്തിയിരുന്നത്. അമേരിക്കക്കു പുറമെ ജപ്പാനും, ദക്ഷിണ കൊറിയയും ഉത്തര കൊറിയയ്‌ക്കെതിരെ ശക്തമായി രംഗത്തെത്തുകയും ചെയ്തിരുന്നു. എന്നാല്‍ ഈ മുന്നറിയിപ്പുകള്‍ എല്ലാം തള്ളിയ ഉത്തര കൊറിയ വീണ്ടും വീണ്ടും ആയുധ പരീക്ഷണങ്ങള്‍ തുടരുകയാണ് ചെയ്യുന്നത്. ഇതിന് ഉത്തര കൊറിയക്ക് ധൈര്യം നല്‍കുന്നത് ചൈനയും റഷ്യയും ആണെന്നാണ് അമേരിക്ക കരുതുന്നത്. അമേരിക്കയെ പ്രതിരോധത്തില്‍ ആക്കി നിര്‍ത്താന്‍ സമര്‍ത്ഥമായി റഷ്യയും ചൈനയും ഉത്തര കൊറിയയെ ഉപയോഗപ്പെടുത്തുന്നുണ്ട് എന്നു തന്നെ വേണം കരുതാന്‍.

യുക്രെയിന്‍ വിഷയത്തില്‍ അമേരിക്ക നിലപാട് കടുപ്പിച്ചപ്പോള്‍ തന്നെയാണ് തുടരെ തുടരെ ഉത്തര കൊറിയയും മിസൈല്‍ പരീക്ഷണം നടത്തിയിരിക്കുന്നത്. ആണവ പോര്‍മുന ഘടിപ്പിച്ച ഉത്തര കൊറിയന്‍ മിസൈലുകളെ അമേരിക്കന്‍ സൈന്യവും ഏറെ ഭയപ്പെടുന്നുണ്ട്. അമേരിക്കയെ പോലുള്ള ആയുധ ശക്തിക്ക് ഉത്തര കൊറിയയെ ആക്രമിച്ച് കീഴടക്കാന്‍ അധികം സമയം ആവശ്യമില്ല. എന്നാല്‍ തിരിച്ചടിക്ക് അമേരിക്കയിലേക്ക് പറക്കുന്ന ആണവ മിസൈലുകളില്‍ ഒന്നു മാത്രം ലക്ഷ്യം കണ്ടാലും അത് അമേരിക്കയെ സംബന്ധിച്ച് ചരിത്രത്തിലെ ഏറ്റവും വലിയ പ്രഹരമായാണ് മാറുക. ബൈഡന്‍ ഭരണം നിലംപൊത്താനും ആ ഒരൊറ്റ സംഭവം മാത്രം മതിയാകും.

ഉത്തര കൊറിയക്കെതിരെ ഉപരോധത്തിന് അപ്പുറം ഒരു നടപടിക്ക് അമേരിക്ക തുനിഞ്ഞാല്‍ അതിനെ ചെറുക്കാന്‍ ചൈനയും റഷ്യയും നിര്‍ബന്ധിതമാവുകയും ചെയ്യും ഫലത്തില്‍ ഒരു ലോകമഹായുദ്ധത്തിലാണ് അത്തരം നടപടി കലാശിക്കുക. സമാനമായ സാഹചര്യം തന്നെയാണ് ഇപ്പോള്‍ യുക്രെയിന്‍ വിഷയത്തിലും സംഭവിക്കാന്‍ പോകുന്നത്. അമേരിക്കന്‍ സഖ്യകക്ഷികള്‍ റഷ്യയെ ചെറുക്കാന്‍ ശ്രമിച്ചാലും വന്‍ ദുരന്തമാണ് ഉണ്ടാകുക. അമേരിക്കയെയും സഖ്യ കക്ഷികളെയും ഒറ്റക്കു ചെറുക്കാനുള്ള ശക്തി റഷ്യക്ക് സ്വന്തമായി തന്നെയുണ്ട്. അവര്‍ ഏതറ്റംവരെ പോകാന്‍ തയ്യാറാണെന്നും പ്രഖ്യാപിച്ചു കഴിഞ്ഞിട്ടുണ്ട്.

റഷ്യ ആക്രമണത്തിനു സജ്ജമായിക്കഴിഞ്ഞെന്നു അമേരിക്കയും സമ്മതിച്ചിട്ടുണ്ട്. യുക്രെയ്‌നെ ആക്രമിച്ചാല്‍ അനന്തരഫലം പേടിപ്പെടുത്തുന്നതായിരിക്കുമെന്നാണ് അമേരിക്കന്‍ സേനാമേധാവി, മാര്‍ക്ക് മില്ലി മുന്നറിയിപ്പു നല്‍കിയിരിക്കുന്നത്. ശീതയുദ്ധത്തിനു ശേഷം ഇതാദ്യമായാണ് ഇത്ര വലിയ ഒരു പടയൊരുക്കമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിട്ടുണ്ട്. മുന്നറിയിപ്പിനൊപ്പം കിഴക്കന്‍ യൂറോപ്പിലേക്കുള്ള സൈനികസന്നാഹവും അമേരിക്ക ശക്തിപ്പെടുത്തിയിട്ടുണ്ട്. സൈനിക സഖ്യമായ നാറ്റോയ്ക്കു കരുത്തേകാന്‍ കൂടുതല്‍ സൈനികരെ ഉടന്‍ അയയ്ക്കുമെന്ന് പ്രസിഡന്റ് ജോ ബൈഡനും അറിയിച്ചിട്ടുണ്ട്.

അതേസമയം, യുദ്ധം തുടങ്ങിക്കഴിഞ്ഞെന്ന മട്ടില്‍ പരിഭ്രാന്തി പരത്തുന്നതിനെ വിമര്‍ശിച്ച് യുക്രെയ്ന്‍ പ്രസിഡന്റ് വൊളൊദിമിര്‍ സെലന്‍സ്‌കി രംഗത്തു വന്നിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം കണ്ടതിനേക്കാള്‍ ഇപ്പോള്‍ സ്ഥിതി കൂടുതല്‍ വഷളായിട്ടില്ലെന്നതാണ് അദ്ദേഹത്തിന്റെ വാദം. ഇത് ആശങ്ക സൃഷ്ടിക്കാനായി റഷ്യയുടെ മനഃശാസ്ത്രപരമായ നീക്കമാണെന്നും യുദ്ധാശങ്ക പരത്തുന്നതിലൂടെ വലിയ വിലകൊടുക്കേണ്ടി വരുന്നത് യുക്രെയ്‌നിനാണെന്നും അദ്ദേഹം പറയുകയുണ്ടായി. കഴിഞ്ഞ വര്‍ഷവും 1.3 ലക്ഷം സൈനികരെയാണ് റഷ്യ, യുക്രെയിന്‍ അതിര്‍ത്തിയില്‍ വിന്യസിച്ചിരുന്നത്.

എന്നാല്‍, യുക്രെയിന്‍ ഭരണകൂടത്തിന്റെ വാദങ്ങള്‍ ശരിയല്ലന്നതാണ് യാഥാര്‍ത്ഥ്യം. സ്വന്തം ജനങ്ങളെ അശ്വസിപ്പിക്കാനും സര്‍ക്കാറിനെതിരായ ആഭ്യന്തര അട്ടിമറി ഒഴിവാക്കാനുമാണ് വിഷയത്തെ ലഘൂകരിക്കാന്‍ യുക്രെയിന്‍ ഭരണകൂടം ഇപ്പോള്‍ ശ്രമിക്കുന്നത്. റഷ്യ തീരുമാനിച്ചാല്‍ നിമിഷങ്ങള്‍ക്കകം തന്നെ അവര്‍ക്ക് യുക്രെയിനില്‍ കയറാന്‍ സാധിക്കും. അത് എപ്പോള്‍ എന്നതാണ് ലോകം ഇപ്പോള്‍ ഉറ്റു നോക്കുന്നത്. അതേസമയം, നാറ്റോയില്‍ യുക്രെയ്‌നെ ഉള്‍പ്പെടുത്തരുതെന്ന ആവശ്യം യുഎസ് അംഗീകരിക്കാത്തതു പഠിച്ചിട്ടാകും അടുത്ത നീക്കമെന്നാണ് റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുടിന്‍ വ്യക്തമാക്കിയിരിക്കുന്നത്. ഒരു കാരണവശാലും പിന്‍മാറില്ലന്നതു തന്നെയാണ് ഇപ്പോഴും റഷ്യയുടെ കടുത്ത നിലപാട്.

ഒരു മിന്നല്‍ ആക്രമണം പ്രതീക്ഷിക്കുക തന്നെ വേണമെന്നത് ഇതോടെ വ്യക്തമായിരിക്കുകയാണ്. അമേരിക്ക ചെറുക്കാന്‍ ശ്രമിച്ചാല്‍ ഒരു പക്ഷേ, ആദ്യ മിസൈല്‍ ഉത്തര കൊറിയയില്‍ നിന്നാണ് അമേരിക്ക നേരിടേണ്ടി വരിക. അതിനുള്ള സാധ്യത തള്ളിക്കളയാന്‍ കഴിയുകയില്ല. ചൈനയുടെ നിലപാടും നിര്‍ണ്ണായകമാകും.

അതേസമയം യുക്രെയിന്‍ വിഷയത്തില്‍ ഇടപെടാതിരുന്ന ഇന്ത്യയും ഇപ്പോള്‍ നിലപാട് വ്യക്തമാക്കി രംഗത്തു വന്നിട്ടുണ്ട്. സംഘര്‍ഷം ഒഴിവാക്കണമെന്നാണ് അമേരിക്കയോടും റഷ്യയോടും ഇന്ത്യ അഭ്യര്‍ത്ഥിച്ചിരിക്കുന്നത്. ഇരു രാജ്യങ്ങളുമായും നല്ല ബന്ധമുള്ള ഇന്ത്യയ്ക്ക് സംഘര്‍ഷം ഒഴിവാക്കാന്‍ നിര്‍ണ്ണായക ഇടപെടല്‍ നടത്താന്‍ കഴിയുമെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

EXPRESS KERALA VIEW

Top