അബുദാബി: ഖത്തറിനു മേല്‍ യുഎഇ, സൗദി അറേബ്യ, ബഹ്‌റൈന്‍, ഈജിപ്ത് എന്നീ രാജ്യങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന ഉപരോധം സംബന്ധിച്ചുള്ള കാര്യങ്ങള്‍ രാഷ്ട്ര നേതാക്കളുമായി ചര്‍ച്ച ചെയ്യുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന്റെ മുതിര്‍ന്ന ഉപദേഷ്ടാവ് ജെറാഡ് കുഷ്‌നര്‍. അമേരിക്കന്‍, ഇസ്രയേല്‍ പ്രതിനിധി സംഘത്തോടൊപ്പം ഇസ്രയേലില്‍ നിന്നുള്ള ആദ്യ വിമാനത്തില്‍ യുഎഇയിലെത്തിയപ്പോഴാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്.
2017 മുതല്‍ തുടരുന്ന ഉപരോധം, അതത് രാഷ്ട്ര നേതാക്കളുമായുള്ള ചര്‍ച്ചയുടെ അജണ്ടയിലുണ്ടെന്ന് അദ്ദേഹം പറഞ്ഞു. യുഎഇ നേതാക്കളുമായി ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ ഈ യാത്രയിലൂടെ സാധിച്ചു. തുടര്‍ന്ന് ബഹ്‌റൈനിലും സൗദി അറേബ്യയിലും ഖത്തറിലും താന്‍ പോകുമ്പോള്‍ അതത് രാഷ്ട്ര നേതാക്കളുമായും സംസാരിക്കും. പ്രശ്‌നത്തിന് ന്യായവും ഉചിതവുമായ പരിഹാരം കണ്ടെത്തുന്നത് വരെ ചര്‍ച്ച തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.
യുഇയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ശൈഖ് തനൂന്‍ ബിന്‍ സായിദ് അല്‍ നയ്ഹാന്‍, യുഎഇ വിദേശകാര്യ, അന്താരാഷ്ട്ര സഹകരണ മന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ സായിദ് അല്‍ നഹ്‌യാന്‍ എന്നിവരുമായി കഴിഞ്ഞ ദിവസം ജെറാഡ് കുഷ്‌നര്‍ ചര്‍ച്ച നടത്തിയിരുന്നു. ഇസ്രായേല്‍ ദേശീയ സുരക്ഷാ കൗണ്‍സില്‍ മേധാവി മെയര്‍ ബെന്‍-ഷബ്ബത്ത്, അമേരിക്കന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് റോബര്‍ട്ട് ഓബ്രിയന്‍ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു കൂടിക്കാഴ്ച.