വാഷിങ്ടണ്‍: ഇന്ത്യ ഒരേസമയം 104 ഉപഗ്രഹങ്ങള്‍ വിക്ഷേപിച്ച വാര്‍ത്ത തങ്ങളെ ഞെട്ടിച്ചതായി അമേരിക്കന്‍ പ്രസിഡന്റിന്റെ ദേശീയ രഹസ്യാന്വേഷണ വിഭാഗം നോമിനി ഡാന്‍ കോട്‌സ്.
ഒരു റോക്കറ്റ് ഉപയോഗിച്ച് നൂറിലധികം ഉപഗ്രങ്ങള്‍ വിജയകരമായി ശൂന്യാകാശത്തെത്തിക്കാന്‍ ഇന്ത്യയ്ക്ക് സാധിച്ചതായുള്ള വാര്‍ത്ത അവിശ്വസനീയമായിരുന്നു. ഇത്തരം നേട്ടങ്ങളില്‍ പിന്നിലായിപ്പോകുന്ന അവസ്ഥ അമേരിക്കയ്ക്ക് സ്വപ്നത്തില്‍പ്പോലും ഓര്‍ക്കാന്‍ സാധിക്കുന്നതല്ലന്നും ഡാന്‍ കോട്‌സ് പറഞ്ഞു.
പിഎസ്എല്‍വി സി37 റോക്കറ്റ് ഉപയോഗിച്ച് ഫെബ്രുവരി 15ന് ആണ് ആന്ധ്രാപ്രദേശിലെ ശ്രീഹരിക്കോട്ടയില്‍നിന്ന് 104 ഉപഗ്രഹങ്ങള്‍ വിക്ഷേപിച്ചത്. രാജ്യാന്തര ബഹിരാകാശചരിത്രത്തില്‍ ഒരു റോക്കറ്റില്‍ 104 ഉപഗ്രഹങ്ങളെന്നത് ആദ്യ സംഭവമാണ്. കൃത്യതയുടെ കാര്യത്തിലും മറ്റെല്ലാ ലോക രാജ്യങ്ങളേയും ഇന്ത്യ പിന്നിലാക്കുകയുണ്ടായി.
ഇന്ത്യയുടെ മൂന്ന് ഉപഗ്രഹങ്ങളും ആറു വിദേശ രാജ്യങ്ങളുടെ 101 സാറ്റ്‌ലൈറ്റുകളുമാണ് വിക്ഷേപിച്ചത്. ഉപഗ്രഹങ്ങള്‍ക്കെല്ലാം കൂടി 1500 കിലോഗ്രാം ഭാരമാണുള്ളത്. ഐഎസ്ആര്‍ഒയുടെ പ്രീയപ്പെട്ട വാഹനമായ പിഎസ്എല്‍വിയുടെ മുപ്പത്തൊമ്പതാം ദൗത്യമായിരുന്നു സി37.
ഇന്ത്യയുടെ ഈ ചരിത്ര നേട്ടം ലോക രാഷ്ട്രങ്ങള്‍ക്കിടയില്‍ നമ്പര്‍ വണ്‍ ആയ അമേരിക്കയുടെ നാസയ്ക്കും വന്‍ ക്ഷീണമാണ് ഉണ്ടാക്കിയിരുന്നത്. ബഹിരാകാശ ദൗത്യത്തില്‍ മറ്റെല്ലാ രാജ്യങ്ങളേയും പിന്നിലാക്കിയിരിക്കുകയാണ് ഇപ്പോള്‍ ഇന്ത്യ.