അമേരിക്കയിൽ സിഖ് വംശജർ വെടിയേറ്റ് മരിച്ച സംഭവം:പ്രതിഷേധം ശക്തം

ന്യൂയോർക്ക്: അമേരിക്കയിലെ ഇൻഡ്യാനാ പോളിസിൽ നാല് സിഖ് വംശജർ വെടിയേറ്റ് മരിച്ച സംഭവത്തിൽ പ്രതിഷേധം ശക്തമാകുന്നു. വംശീയ വിദ്വേഷമാണ് അക്രമത്തിന് കാരണമെന്ന് ആരോപിച്ചാണ് നൂറുകണക്കിന് സിഖ് വംശജരടക്കമുള്ള ഇന്ത്യൻ പൗരന്മാർ തെരുവിലിറങ്ങിയിരിക്കുന്നത്.

എട്ടു പേരാണ് ഫെഡ് എക്‌സ് കമ്പനിയുടെ കേന്ദ്രത്തിലെ കൂട്ടവെടിവെപ്പിൽ കൊല്ലപ്പെട്ടത്. 19 വയസ്സുള്ള ബ്രാൻഡൺ സ്‌കോട്ട് ഹോൾ എന്ന യുവാവാണ് വെടിവെച്ചതെന്ന് പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ബ്രാൻഡൻ ഫെഡ് എക്‌സ് കൊറിയർ കമ്പനിയിലെ മുൻ ജീവനക്കാരനാണ്. ഈ സ്ഥാപനവുമായി ബന്ധപ്പെട്ട് സിഖ് വംശജരുൾപ്പെടെ നൂറുകണക്കിന് ഇന്ത്യക്കാരാണ് ജോലി ചെയ്യുന്നത്.

അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ അക്രമത്തെ അപലപിച്ചതിന് പിന്നാലെയാണ് ഇന്ത്യൻ വംശജർ തെരുവിൽ പ്രതിഷേധവുമായി ഇറങ്ങിയത്. ട്രംപിന്റെ ഭരണകാലത്ത് കറുത്ത വർഗ്ഗക്കാർക്ക് നേരെ നിരന്തരം നടന്ന ആക്രമണങ്ങളും പോലീസ് അതിക്രമങ്ങളും ശക്തമായ തെരഞ്ഞെടുപ്പ് ആയുധമാക്കിയാണ് ബൈഡനും കമലാഹാരിസും മേൽകൈ നേടിയത്.

 

Top