വാഷിങ്ടണ്‍: ലോകരാജ്യങ്ങളെ ഭീതിയിലാഴ്ത്തി കൊറോണ വൈറസ് പടര്‍ന്ന് പിടിക്കുകയാണ്. ഈ സന്ദര്‍ഭത്തില്‍ വൈറസ് ബാധ ഏറ്റവും കൂടുതലായി ബാധിച്ചിരിക്കുന്നത് അമേരിക്കയേയാണ്. ഈ അവസരത്തില്‍ ഇന്ത്യയോട് സഹായം അഭ്യര്‍ത്ഥിച്ച് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്.
കൊറോണ ചികിത്സയ്ക്കായി മലേറിയ മരുന്നുകള്‍ നല്‍കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ട്രംപ് അഭ്യര്‍ത്ഥിച്ചു. മലേറിയ ചികിത്സക്കുപയോഗിക്കുന്ന ഹൈഡ്രോക്‌സിക്ലോറോക്വിന്‍ എന്ന മരുന്നിന്റെ ഗുളികകള്‍ കയറ്റുമതി ചെയ്യുന്നതിന് ഇന്ത്യ വിലക്കേര്‍പ്പെടുത്തിയിരിക്കുകയാണ്. ഇതേതുടര്‍ന്നാണ് ട്രംപിന്റെ അഭ്യര്‍ത്ഥന.
മോദിയുമായി നടത്തിയ ടെലിഫോണ്‍ സംഭാഷണത്തിലാണ് ട്രംപ് ഈ ആവശ്യം ഉന്നയിച്ചതെന്നാണ് റിപ്പോര്‍ട്ട്. മോദിയുമായി സംസാരിച്ചെന്നും അടിയന്തര പ്രാധാന്യം കണക്കിലെടുത്ത് മരുന്നിന്റെ കയറ്റുമതിയിലേര്‍പ്പെടുത്തിയിരിക്കുന്ന നിരോധനത്തില്‍ ഇളവ് അനുവദിക്കണമെന്ന് അഭ്യര്‍ത്ഥിച്ചതായും ട്രംപ് വെളിപ്പെടുത്തി.
കൊറോണവൈറസ് ടാസ്‌ക് ഫോഴ്‌സിന്റെ അവലോക യോഗത്തിലാണ് ട്രംപ് ഇക്കാര്യം അറിയിച്ചത്.
ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചാല്‍ താനും മരുന്ന് കഴിക്കാന്‍ തയാറാണെന്നും ട്രംപ് പറഞ്ഞു. ഇന്ത്യ ഈ മരുന്ന് കൂടുതല്‍ നിര്‍മിക്കുന്നുണ്ട്. സ്ട്രാറ്റജിക് നാഷണല്‍ സ്റ്റോക്ക്‌പൈല്‍ മുഖേന മരുന്ന് രാജ്യത്ത് വിതരണം ചെയ്യുമെന്നും ട്രംപ് അറിയിച്ചു. ട്രംപുമായി ഫോണ്‍ സംഭാഷണം നടത്തിയതായും കൊറോണയ്‌ക്കെതിരെ ഒരുമിച്ച് പോരാടാന്‍ ധാരണയിലെത്തിയെന്നും
മോദിയും ട്വീറ്റ് ചെയ്തിട്ടുണ്ട്.