അമേരിക്കന്‍ വാഹന നിര്‍മാതാക്കളായ ജീപ്പിന്റെ ഇന്ത്യന്‍ നിര്‍മിത മോഡല്‍ കോംപാസിന്റെ ആദ്യ യൂണിറ്റ് പുറത്തിറക്കി.
മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിന്റെ സാന്നിധ്യത്തില്‍ പൂണെയിലെ രംഞ്ജന്‍ഗോവന്‍ നിര്‍മാണ കേന്ദ്രത്തിലാണ് ആദ്യ മെയ്ഡ് ഇന്‍ ഇന്ത്യ ജീപ്പ് പുറത്തിറക്കിയത്. ഇതോടെ ഇന്ത്യയില്‍ റൈറ്റ് ഹാന്‍ഡ് ഡ്രൈവ് കോംപാസിന്റെ നിര്‍മാണവും ഔദ്യോഗികമായി ആരംഭിച്ചു. കഴിഞ്ഞ ഏപ്രിലില്‍ അവതരിപ്പിച്ച കോംപാസ് ഏതാനം മാസങ്ങള്‍ക്കുള്ളില്‍ വിപണിയിലെത്തും. എന്നാല്‍ വില സംബന്ധിച്ച കാര്യങ്ങള്‍ കമ്പനി ഇതുവരെ വ്യക്തമാക്കിയിട്ടില്ല.
നിലവില്‍ ജീപ്പ് നിരയില്‍ റെനഗേഡിനും ചെറോക്കിക്കും ഇടയിലായിലാണ് കോംപാസിന്റെ സ്ഥാനം. കഴിഞ്ഞ വര്‍ഷം ഗ്രാന്റ് ചെറോക്കി, റാങ്ക്‌ളര്‍ മോഡലുകള്‍ ഇന്ത്യയില്‍ പുറത്തിറക്കിയിരുന്നെങ്കിലും തൊട്ടാല്‍ പൊള്ളുന്ന വിലയായതിനാല്‍ ജീപ്പിനും വാഹനപ്രേമികള്‍ക്കും ഒരുപോലെ തിരിച്ചടി നേരിട്ടു.
അതേസമയം 70 ശതമാനത്തോളം പ്രാദേശികമായാണ് കോംപാസിന്റെ നിര്‍മാണം. കൂടാതെ എഞ്ചിനടക്കം മര്‍മ്മപ്രധാനമായ 27 പാര്‍ട്ട്‌സുകള്‍ ഇന്ത്യന്‍ നിര്‍മിതമാണ്. ഇന്ത്യയിലെ ആഭ്യന്തര വില്‍പനയ്ക്ക് പുറമേ ജപ്പാന്‍, ഓസ്‌ട്രേലിയ, ദക്ഷിണാഫ്രിക്ക തുടങ്ങിയ രാജ്യങ്ങളിലേക്ക് ഇവിടെ നിന്നും കോംപാസ് കയറ്റി അയക്കും.