ഗാസയില്‍ ആക്രമണം നടത്തുന്ന ഇസ്രായേല്‍ സൈനികര്‍ക്ക് സൗജന്യ ഭക്ഷണപ്പൊതികള്‍ നല്‍കുമെന്ന അമേരിക്കന്‍ കമ്പനിയായ മക്ഡൊണാള്‍ഡിന്റെ ട്വീറ്റിനെതിരെ വിമര്‍ശനം. മക്ഡൊണാള്‍ഡിന്റെ ഇസ്രയേലിലെ ബ്രാഞ്ചാണ് ഇസ്രയേല്‍ ഡെമോക്രാറ്റിക് ഫോഴ്സിന്റെ (ഐഡിഎഫ്) സൈനികര്‍ക്ക് ഭക്ഷണം എത്തിക്കുമെന്ന് ട്വീറ്റ് ചെയ്തത്. സംഭവം വിവാദമായതോടെ അവര്‍ ട്വീറ്റ് പിന്‍വലിച്ചു.
ഇസ്രായേല്‍ സൈനികര്‍ക്ക് 4,000 ഭക്ഷണപ്പൊതികള്‍ അയച്ചിട്ടുണ്ടെന്നാണ് മക്ഡൊണാള്‍ഡിന്റെ ഇസ്രായേല്‍ വിഭാഗം ട്വീറ്റിലൂടെ അറിയിച്ചത്. എല്ലാ ദിവസവും 4,000 ഭക്ഷണപ്പൊതികള്‍ എത്തിക്കുമെന്നും കൂടാതെ, അവര്‍ ഓര്‍ഡര്‍ ചെയ്യുന്ന അധിക ഭക്ഷണ സാധനങ്ങള്‍ക്ക് 50 ശതമാനം കിഴിവ് നല്‍കുമെന്നും മക്ഡൊണാള്‍ഡ് എക്‌സിലെ പോസ്റ്റില്‍ പറഞ്ഞിരുന്നത്.
ട്വീറ്റിന്റെ സ്‌ക്രീന്‍ഷോട്ടുകള്‍ വൈറലായതോടെ അറബ് രാജ്യങ്ങളിലെ സോഷ്യല്‍ മീഡിയ ഉപഭോക്താക്കള്‍ മക്ഡൊണാള്‍ഡിന്റെ ഇസ്രയേല്‍ ചായ്വിനെതിരെ രംഗത്തെത്തി. പാകിസ്ഥാനില്‍, സ്വാധീനമുള്ള വിവിധ സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകള്‍ എന്ന ഹാഷ് ടാഗും ഉയര്‍ത്തി. ഗാസയിലെ ജനങ്ങളോടുള്ള ഐക്യദാര്‍ഢ്യത്തിന്റെ ഭാഗമായി മക്ഡൊണാള്‍ഡിന്റെ ഔട്ട്ലെറ്റുകളില്‍ നിന്ന് സാധനം വാങ്ങുന്നത് നിര്‍ത്താന്‍ പ്രാദേശിക രാഷ്ട്രീയ നേതാക്കള്‍ ആഹ്വാനം ചെയ്തിരുന്നു. മക്ഡൊണാള്‍ഡിന്റെ ഇസ്രയേല്‍ ബ്രാഞ്ച് പ്രാദേശികമായി അവിടെ പ്രവര്‍ത്തിക്കുന്ന സംരംഭമാണെന്നും അവരുമായി തങ്ങള്‍ക്ക് ബന്ധമില്ലെന്നും വ്യക്തമാക്കി പാകിസ്ഥാനിലെ മക്ഡൊണാള്‍ഡ് ബ്രാഞ്ചിന് പ്രസ്താവന പുറത്തിറക്കി.
”പാകിസ്ഥാനിലെ മക്ഡൊണാള്‍ഡ് ബ്രാഞ്ചിന്റെ പൂര്‍ണ്ണ ഉടമസ്ഥതയും പ്രവര്‍ത്തനവും സൈസ് ഫുഡ് പ്രൈവറ്റ് ലിമിറ്റഡ് പാകിസ്ഥാനാണ ഉള്ളത്. ഇസ്രയേലിലെ മക്‌ഡൊണാള്‍ഡിന്റെ പ്രവര്‍ത്തനങ്ങളുമായി ഞങ്ങള്‍ക്ക് യാതൊരു ബന്ധവുമില്ല” – പ്രസ്താവനയില്‍ പാകിസ്ഥാനിലെ മക്ഡൊണാള്‍ഡ് ബ്രാഞ്ച് വ്യക്തമാക്കുന്നു. എന്നാല്‍ കമ്പനിയുടെ വിശദീകരണം പാകിസ്ഥാന്‍ നെറ്റിസണ്‍മാരില്‍ ഒരു വിഭാഗത്തിന് ബോധ്യപ്പെട്ടില്ല. മക്ഡൊണാള്‍ഡിനെ രൂക്ഷഭാഷയില്‍ വിമര്‍ശിച്ച് പോസ്റ്റുകള്‍ അവര്‍ ഇപ്പോഴും പോസ്റ്റ് ചെയ്യുന്നുണ്ട്.