അമേരിക്കന്‍ ഫെഡറല്‍ റിസര്‍വ് പലിശ നിരക്ക് വര്‍ധിപ്പിച്ചു

വാഷിംങ്ടണ്‍: അമേരിക്കന്‍ ഫെഡറല്‍ റിസര്‍വ് പലിശ നിരക്കില്‍ വീണ്ടും വര്‍ധന വരുത്തി. 0.25 ശതമാനം വര്‍ധനയാണ് വരുത്തിയത്. ഇതോടെ അമേരിക്കയിലെ അടിസ്ഥാന പലിശ നിരക്ക് 2-2.25 ശതമാനമാകും. ഈ വര്‍ഷം തുടര്‍ച്ചയായി മൂന്നാം തവണയാണ് അമേരിക്ക പലിശ നിരക്ക് കൂട്ടുന്നത്. 2015നു ശേഷം ഇതുവരെ എട്ടു തവണ പലിശ കൂട്ടുകയുണ്ടായി.

ഇന്ത്യന്‍ രൂപയ്‌ക്കെതിരെ ഡോളര്‍ വില ഉയരുന്നതിന്റെ ഒരു കാരണം അമേരിക്ക പലിശ നിരക്ക് ഉയര്‍ത്തുന്നതാണ്. വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ ഇന്ത്യന്‍ വിപണിയിലെ നിക്ഷേപം പിന്‍വലിച്ച് അമേരിക്കയില്‍ നിക്ഷേപിക്കുന്നതിന് ഇത് കാരണമാകുന്നുണ്ട്. അമേരിക്ക അടുത്ത മൂന്ന് വര്‍ഷം മിതമായ തോതിലുള്ള വളര്‍ച്ച കൈവരിക്കുമെന്ന് യു എസ് ഫെഡറല്‍ റിസര്‍വ് ചെയര്‍മാന്‍ ജെറോം പവല്‍ വ്യക്തമാക്കിയിട്ടുണ്ട്.

ഒക്ടോബര്‍ 3 ,4 തിയതികളില്‍ ചേരുന്ന റിസര്‍വ് ബാങ്കിന്റെ വായ്പ നയ അവലോകന സമിതിയുടെ യോഗത്തില്‍ പലിശ നിരക്ക് ഉയര്‍ത്തുമെന്നാണ് സാമ്പത്തിക വിദഗ്ധര്‍ വ്യക്തമാക്കുന്നു.

Top