സാഹിത്യ നൊബേല്‍[2020] പുരസ്‌കാര ജേതാവായ അമേരിക്കന്‍ എഴുത്തുകാരി ലൂയിസ് ഗ്ലിക്ക് അന്തരിച്ചു. 80 വയസ്സായിരുന്നു. പ്രതിസന്ധികളെ എഴുതി തോല്‍പ്പിച്ച, അത്രതന്നെ ഉത്കടമായി, അത്രതന്നെ തീക്ഷ്ണമായി, അലങ്കാരങ്ങളുടെ ആലഭാരങ്ങളില്ലാതെയാണ് ലൂയിസ് ഗ്ലിക്കിന്റെ എഴുത്ത്. ഗ്രീക്ക്, റോമന്‍ ഇതിഹാസകഥകളും കഥാപാത്രങ്ങളും പ്രതീകങ്ങളും രൂപകങ്ങളുമായെത്തുന്ന, നിരാശകളെയും, നിരാകരണങ്ങളെയും, നഷ്ടങ്ങളെയും, ഒറ്റപ്പെടലിനെയും കുറിച്ച് ചൊല്ലുന്ന കവിതകളാണ് അവരുടേത്.
1943-ല്‍ ന്യൂയോര്‍ക്ക് നഗരത്തില്‍ ജനിച്ച് ലോങ് ഐലന്‍ഡില്‍ വളര്‍ന്ന ഗ്ലിക്ക്, ബാല്യത്തിലേ കവിതകളെഴുതി തുടങ്ങിയിരുന്നു. താന്‍ പിറക്കും മുമ്പേ മരിച്ചുപോയ സഹോദരിയെക്കുറിച്ചുള്ള വ്യഥയോ, അമ്മയില്‍ നിന്ന് സ്വാതന്ത്ര്യം പ്രാപിക്കാനുള്ള മോഹമോ, കൗമാരത്തിലുണ്ടാക്കിയ അനെറെക്‌സിയ (വിശപ്പില്ലായ്മയും അതുമൂലം ശരീരഭാരം ക്രമാതീതമായിക്കുറയുന്നതുമായ അവസ്ഥ) ഗ്ലിക്കിനെ വലച്ചു. ശാരീരികമായും മാനസികമായും വൈകാരികവുമായ ഊര്‍ജം വീണ്ടെടുക്കാന്‍ പ്രയാസപ്പെട്ട ആ ഏഴുകൊല്ലങ്ങളിലാണ് ഗ്ലിക്ക് ആത്മവിമര്‍ശകവും ആത്മാര്‍ഥവുമായി ചിന്തിക്കാന്‍ തുടങ്ങിയത്. അവിടെനിന്നാണ് എഴുത്തിനെ കരുത്താക്കിയത്. ജീവിതത്തില്‍ പിന്നീടുനേരിട്ട പ്രയാസകാലങ്ങളിലെല്ലാം കവിതകള്‍ ജനിച്ചു.
ആദ്യവിവാഹം പിരിഞ്ഞുകഴിഞ്ഞപ്പോള്‍ ആദ്യ കവിതാസമാഹാരം (ഫസ്റ്റ്ബോണ്‍-1968) ഇറങ്ങി. വെര്‍മോണ്ടിലെ വീട് കത്തിപ്പോയതിനുപിന്നാലെ ‘ദ ട്രയംഫ് ഓഫ് അക്കിലസ്’ (1985) രചിച്ചു. അച്ഛന്റെ മരണം ‘അറാറത്തി’ന്റെ (1990) രചനയിലേക്കാണ് നയിച്ചത്. 16 കവിതാസമാഹരങ്ങള്‍, കവിതകളെക്കുറിച്ചുള്ള രണ്ട് ലേഖനസമാഹാരങ്ങള്‍ എന്നിവയും ഗ്ലിക്കിന്റേതായി പുറത്തിറങ്ങിയിരുന്നു.