ഡബ്ല്യു.ടി.എയുടെ പ്ലെയര്‍ ഓഫ് ദ ഇയര്‍ സ്വന്തമാക്കി സോഫിയ കെനിൻ

ന്യൂയോര്‍ക്ക്: ഈ വര്‍ഷത്തെ വുമണ്‍സ് ടെന്നീസ് അസോസിയേഷന്റെ(ഡബ്ല്യു.ടി.എ) ഏറ്റവും മികച്ച വനിതാ താരത്തിനുള്ള പുരസ്‌കാരം അമേരിക്കയുടെ സോഫിയ കെനിന്. കരിയറിലാദ്യമായി ഒരു ഗ്രാന്‍ഡ്സ്ലാം കിരീടം സ്വന്തമാക്കിയതിന്റെ കരുത്തിലാണ് താരത്തിന് പ്ലെയര്‍ ഓഫ് ദ ഇയര്‍ പുരസ്‌കാരം നേടാനർഹയാക്കിയത്. ഈ വര്‍ഷത്തെ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ജേതാവാണ് കെനിന്‍. സെമി ഫൈനലില്‍ ലോക ഒന്നാം നമ്പര്‍ താരം ആഷ്‌ലി ബാര്‍ട്ടിയെയും ഫൈനലില്‍ രണ്ടു തവണ ഗ്രാന്‍ഡ്സ്ലാം കിരീടം നേടിയ മുന്‍ ഒന്നാം നമ്പര്‍ താരം ഗാര്‍ബൈന്‍ മുഗുരുസയെയും തോല്‍പ്പിച്ചാണ് കെനിന്‍ കന്നി ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ കിരീടം ചൂടിയത്.

നിലവില്‍ ലോകത്തിലെ നാലാം നമ്പര്‍ താരമാണ് കെനിന്‍. ഇരുപത്തിരണ്ടുകാരിയായ സോഫിയ കെനിന്‍ ഈ പുരസ്‌കാരം നേടുന്ന എട്ടാമത്തെ താരമാണ്. സെറീന വില്യംസ്, മാര്‍ട്ടിന നവരത്‌ലോവ, ലിന്‍ഡ്‌സേ ഡാവെന്‍പോര്‍ട്ട്, ട്രാസി ഓസ്റ്റിന്‍, ക്രിസ് എവേര്‍ട്ട്, വീനസ് വില്യംസ്, ജെന്നിഫര്‍ കാപ്രിയാര്‍ട്ടി എന്നിവരാണ് ഈ നേട്ടം മുന്‍പ് നേടിയവര്‍.

Top