മഞ്ഞു വീഴ്ചയില്‍ മരം കടപുഴകി ട്രാക്കില്‍ വീണു; യാത്രക്കാര്‍ ട്രെയിനില്‍ കുടുങ്ങിയത് 37 മണിക്കൂര്‍

വാഷിങ്ടണ്‍: അമേരിക്കയില്‍ മഞ്ഞു വീഴ്ചയില്‍ മരം കടപുഴകി റെയില്‍വേ ട്രാക്കില്‍ വീണതിനെ തുടര്‍ന്ന് യാത്രക്കാര്‍ ട്രെയിനില്‍ കുടുങ്ങിയത് 37 മണിക്കൂര്‍. സിയാറ്റിലില്‍നിന്ന് ലോസ് ആഞ്ജലീസിലേക്ക് പോവുകയായിരുന്ന കോസ്റ്റ് സ്റ്റാര്‍ലൈറ്റ് ട്രെയിനിലെ യാത്രക്കാരാണ് മഞ്ഞുവീഴ്ചയെയും മരം ഒടിഞ്ഞുവീണതിനെയും തുടര്‍ന്ന് ഓറിഗണില്‍ ഒന്നരദിവസത്തോളം കുടുങ്ങിയത്.

ഓക്റിഡ്ജിനു സമീപമാണ് ട്രെയിന്‍ കുടുങ്ങിയത്. 183 യാത്രക്കാരായിരുന്നു ട്രെയിനിലുണ്ടായിരുന്നത്. യാത്രക്കാര്‍ക്ക് ആര്‍ക്കും പരിക്കില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്‍ജിന്‍ ഉപയോഗിച്ച് സംഭവസ്ഥലത്തു നിന്ന് ട്രെയിന്‍ സിയാറ്റിലിലേക്കു തന്നെ തിരിച്ചു കൊണ്ടുപോയി. ഞായറാഴ്ച വൈകിട്ടോടെയാണ് ട്രെയിന്‍ യാത്ര തിരിച്ചത്.

ട്രെയിനില്‍ കുടുങ്ങിയ യാത്രക്കാര്‍ക്ക് ഭക്ഷണവും വൈദ്യുതിയും ശൗചാലയസൗകര്യവും ഒരുക്കിക്കൊടുത്തതായി റെയില്‍വേ അധികൃതര്‍ അറിയിച്ചു.

Top