അമേരിക്കയുടെ ആദ്യ വിമാനവാഹിനി കപ്പല്‍ ജെറാള്‍ഡ് ഫോഡ് ഇസ്രയേല്‍ തീരത്ത് എത്തി

മേരിക്കയുടെ ആദ്യ സൈനീക കപ്പല്‍ ഇസ്രയേല്‍ തീരത്ത്. കിഴക്കന്‍ മെഡിറ്ററേനിയന്‍ കടലിലാണ് ആണവശേഷിയുള്ള വിമാനവാഹിനി കപ്പല്‍ ജെറാള്‍ഡ് ഫോഡുള്ളത്. ഹമാസിനെതിരായ യുദ്ധത്തില്‍ ഇസ്രായേലിന് പൂര്‍ണ പിന്തുണ നല്‍കുമെന്ന് ബൈഡന്‍ പ്രഖ്യാപിച്ചിരുന്നു. വലിയ സൈനിക സംവിധാനം കപ്പലില്‍ ഉണ്ടാകും. സ്ഥിതിഗതികള്‍ വിലയിരുത്താന്‍ യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ ഇന്ന് ഇസ്രയേലിലേക്ക് തിരിക്കും.

പ്രാദേശിക സുരക്ഷയും സ്ഥിരതയും ഉറപ്പാക്കുന്നതിന്റെ ഭാഗമായുള്ള സൈനിക സഹകരണമാണ് ഇതെന്ന് ഇസ്രയേല്‍ പ്രതിരോധ സേന വക്താവ് ഡാനിയല്‍ ഹഗാരി പറഞ്ഞു. അടിയന്തര ഘട്ടങ്ങളിലുള്ള തയ്യാറെടുപ്പുകള്‍ക്ക് തങ്ങളെ പ്രാപ്തമാക്കുന്ന നീക്കമാണ് അമേരിക്കയുടെ ഭാഗത്ത് നിന്ന് ഉണ്ടായതെന്നും ഹഗാരി വ്യക്തമാക്കി.

വരും ദിവസങ്ങളില്‍ ഇസ്രായേലിന് കൂടുതല്‍ സഹായം എത്തിക്കുമെന്ന് അമേരിക്ക അറിയിച്ചിട്ടുണ്ട്. ഏറെ വെല്ലുവിളികള്‍ നേരിടുന്ന ഈ സമയത്ത് ഇസ്രയേലിനും തങ്ങളുടെ പ്രതിരോധ സേനയ്ക്കും അമേരിക്ക നല്‍കിയ പിന്തുണയ്ക്കും സഹായത്തിനും ഏറെ നന്ദിയുള്ളവരായിരിക്കുമെന്ന് ഐഡിഎഫ് ട്വീറ്റ് ചെയ്തിട്ടുണ്ട്. അമേരിക്കയുടേയും ഇസ്രയേലിന്റേയും സൈനിക ശക്തികള്‍ തമ്മിലുള്ള സഹകരണം മുന്‍പത്തേതിലും ശക്തമാണെന്നും പ്രാദേശിക സുരക്ഷയും സുസ്ഥിരതയും ഉറപ്പാക്കുന്നതിലെ പ്രധാന ഭാഗമാണിതെന്ന് പൊതു ശത്രുക്കള്‍ക്ക് അറിയാമെന്നും ട്വീറ്റില്‍ പറയുന്നു.

Top