എന്തിനും സജ്ജമാണ്‌ ! ഉത്തര കൊറിയയെ വിരട്ടി അമേരിക്കയുടെ സൈനികാഭ്യാസം

siriya air strike

സോള്‍: ഉത്തര കൊറിയയ്ക്ക് മുന്നറിയിപ്പുമായി അമേരിക്കയുടെ സൈനികാഭ്യാസം.

തുടര്‍ച്ചയായി മിസൈല്‍ പരീക്ഷണങ്ങള്‍ നടത്തുകയും യുദ്ധഭീഷണി മുഴക്കുകയും ചെയ്യുന്ന ഉത്തരകൊറിയക്ക് താക്കീതായി കൊറിയന്‍ മുനമ്പിന് മുകളില്‍ കൂടി അമേരിക്ക യുദ്ധവിമാനങ്ങള്‍ പറത്തി.

റഡാറുകളെ കബളിപ്പിച്ച് ആക്രമണം നടത്താന്‍ ശേഷിയുള്ള സ്റ്റെല്‍ത്ത് ഫൈറ്ററുകളും ബോംബര്‍ വിമാനങ്ങളുമാണ് കൊറിയന്‍ ആകാശത്തുകൂടി അമേരിക്ക പറത്തിയത്.

ദക്ഷിണകൊറിയന്‍ പ്രതിരോധമന്ത്രാലയമാണ് ഇതു സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടത്.

നാല് എഫ് 35 ബി വിമനാനങ്ങളും രണ്ട് ബി ഒന്ന് ബി വിമാനങ്ങളും ഉപയോഗിച്ചാണ് അമേരിക്ക ശക്തിപ്രകടനം നടത്തിയത്.

ഉത്തരകൊറിയയെ തകര്‍ക്കാന്‍ തങ്ങള്‍ക്ക് ശേഷിയുണ്ടെന്ന് വ്യക്തമാക്കാനാണ് ഈ സൈനികാഭ്യാസം അമേരിക്ക നടത്തിയതെന്ന് ദക്ഷിണ കൊറിയ പറയുന്നു.

സെപ്റ്റംബര്‍ മൂന്നിന് ശക്തിയേറിയ ആണവ പരീക്ഷണം നടത്തിയതിന് പിന്നാലെ വെള്ളിയാഴ്ച ഉത്തരകൊറിയ ജപ്പാന് മുകളിലൂടെ ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണവും നടത്തിയിരുന്നു. ഇതോടെയാണ് അമേരിക്ക സൈനികാഭ്യാസത്തിന് മുതിര്‍ന്നത്.

ദക്ഷിണകൊറിയയുമായി ചേര്‍ന്നാണ് അമേരിക്ക വ്യോമാഭ്യാസം നടത്തിയത്. ദക്ഷിണ കൊറിയയുടെ എഫ് 15 കെ യുദ്ധവിമാനങ്ങളും അഭ്യാസത്തില്‍ പങ്കെടുത്തു.

നേരത്തെ ഓഗസ്റ്റ് 31-നും ഇതേ രീതിയില്‍ അമേരിക്ക വ്യോമാഭ്യാസം നടത്തിയിരുന്നു.

ആണവ പരീക്ഷണങ്ങളും മിസൈല്‍ പരീക്ഷണങ്ങളും തുടര്‍ച്ചയായി നടത്തിയതിന് ഉത്തരകൊറിയയ്‌ക്കെതിരെ ഐക്യരാഷ്ട്രസഭ ഉപരോധം കൊണ്ടുവന്നിരുന്നു.

മാത്രമല്ല, പ്രകോപനം തുടര്‍ന്നാല്‍ ഉത്തരകൊറിയയെ ആക്രമിക്കാന്‍ മടിക്കില്ലെന്നാണ് അമേരിക്ക വ്യക്തമാക്കിയിട്ടുള്ളത്. പസഫിക് സമുദ്രത്തിലുള്ള അമേരിക്കന്‍ ദ്വീപായ ഗുവാമിനെ ആക്രമിക്കുമെന്നാണ് ഉത്തരകൊറിയയുടെ ഭീഷണി. ഇതാണ് അമേരിക്കയെ പ്രകോപിപ്പിക്കുന്നത്.

Top