രാജസ്ഥാന്‍ നിയമസഭയില്‍ സമര്‍പ്പിച്ച വിവാദ ഓര്‍ഡിനന്‍സ് പുനഃപരിശോധിക്കാന്‍ നീക്കം

ന്യൂഡല്‍ഹി: തിങ്കളാഴ്ച രാജസ്ഥാന്‍ നിയമസഭയില്‍ സമര്‍പ്പിച്ച വിവാദ ഓര്‍ഡിനന്‍സ് പുനഃപരിശോധിക്കാന്‍ നീക്കം.

പുതിയ ഓര്‍ഡിനന്‍സ് അഴിമതിക്ക് അനുമതി നല്‍കുന്നതാണെന്ന് പരക്കെ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് പുനഃപരിശോധിക്കുന്നത്.

ബിജെപി അംഗങ്ങളടക്കം എതിര്‍പ്പ് പ്രകടിപ്പിച്ച സാഹചര്യത്തിലാണ് സര്‍ക്കാറിന്റെ പുതിയ നീക്കം.

ബില്ല് മൗലികാവകാശങ്ങളുടെ ലംഘനവും ഭരണഘടനാ വിരുദ്ധവുമാണെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതിയില്‍ പൊതുതാത്പര്യ ഹര്‍ജിയും സമര്‍പ്പിക്കപ്പെട്ട സാഹചര്യത്തില്‍ തിങ്കളാഴ്ച രാത്രി വൈകി മുഖ്യമന്ത്രി വസുന്ധര രാജെ മന്ത്രിസഭാ യോഗം വിളിച്ചിരുന്നു. നിയമം പുനപരിശോധിക്കാന്‍ പാനലിനെ നിയോഗിക്കാനും യോഗത്തില്‍ തീരുമാനമായിരുന്നു.

മന്ത്രിമാരെയും ഉദ്യോഗസ്ഥരെയും അഴിമതി കേസ് അന്വേഷണത്തില്‍ നിന്നും സംരക്ഷണം നല്‍കുകയും മാധ്യമങ്ങളെ ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ തടയുകയും ചെയ്യുന്ന ഓര്‍ഡിനന്‍സ് കഴിഞ്ഞമാസമാണ് പുറത്തിറങ്ങിയത്.

സര്‍ക്കാറിന്റെ അനുമതിയില്ലാതെ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും മന്ത്രിമാര്‍ക്കുമെതിരെ അഴിമതി കേസുകളില്‍ കോടതിക്ക് നിയമനടപടി സ്വീകരിക്കാനാകില്ലെന്ന് വ്യക്തമാക്കുന്നതാണ് ഓര്‍ഡിനന്‍സ്.

Top