ന്യൂഡല്‍ഹി: സിക്കിം അതിര്‍ത്തിയില്‍ ഇന്ത്യ-ചൈന സംഘര്‍ഷം രൂക്ഷമായിരിക്കെ ഇന്ത്യന്‍ മഹാസമുദ്രത്തില്‍ അസ്വാഭാവിക നിലയില്‍ ചൈനയുടെ യുദ്ധക്കപ്പലുകള്‍.
സംഘര്‍ഷ സാഹചര്യം മുന്‍നിര്‍ത്തി സൈന്യം നടത്തിയ പ്രത്യേക നിരീക്ഷണത്തിലാണ് ഇന്ത്യന്‍ മഹാസമുദ്രം അടക്കമുള്ള മേഖലയില്‍ ചൈനീസ് കപ്പലുകളുടെ സാന്നിധ്യം കണ്ടെത്തിയത്.
ഇന്ത്യന്‍ നേവിയുടെ കൃത്രിമോപഗ്രഹമായ രുക്മിണി (ജിസാറ്റ്7), ദീര്‍ഘദൂര നീരീക്ഷണ വാഹനമായ പൊസീഡന്‍81 തുടങ്ങിയവയുടെ സഹായത്തോടെ നടത്തിയ നിരീക്ഷണത്തിലാണ് ചൈനയുടെ മുങ്ങിക്കപ്പല്‍ അടക്കമുള്ള കപ്പലുകളെ തിരിച്ചറിഞ്ഞത്. 13 ചൈനീസ് നാവികസേനാ കപ്പലുകളാണ് ഇന്ത്യന്‍ മഹാസമുദ്രത്തിലുള്ളതെന്ന് നാവികസേന തിരിച്ചറിഞ്ഞിട്ടുണ്ട്.
ഇരു രാജ്യങ്ങളുടെയും വിദേശകാര്യ മന്ത്രാലയങ്ങള്‍ പരോക്ഷമായ ഏറ്റുമുട്ടലുകള്‍ തുടരുന്നതിനിടയിലാണ് ഇന്ത്യന്‍ മഹാസമുദ്ര മേഖലയില്‍ കപ്പലുകളുടെ സാന്നിധ്യം.
1962 ലെ ഇന്ത്യയല്ല ഇന്നത്തെ ഇന്ത്യയെന്ന് പ്രതിരോധമന്ത്രി അരുണ്‍ ജെയ്റ്റിലി അടുത്തിടെ ചൈനയ്ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. അതിന് മറുപടിയായി 1962 ലെ ചൈനയല്ല ഇന്നത്തെ ചൈനയെന്ന് ഇതിനോട് ചൈന പ്രതികരിച്ചു. അതിര്‍ത്തിയിലെ പരമാധികാരം ഉറപ്പാക്കുന്നതിനായി എല്ലാ നടപടികളും സ്വീകരിക്കുമെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
സിക്കിം അതിര്‍ത്തിയില്‍ ഇന്ത്യ കയ്യേറ്റം നടത്തുന്നുവെന്നാണ് ചൈനയുടെ ആരോപണം. ഭൂട്ടാന്റെ പേരുപറഞ്ഞ് ചൈനയുടെ അതിര്‍ത്തി കൈയ്യേറാനാണ് ഇന്ത്യ ശ്രമിച്ചുവരുന്നതെന്നും ഇന്ത്യ അനധികൃതമായി സൈന്യത്തെ ഭൂട്ടാനിലേയ്ക്ക് അയച്ചതായും ചൈനീസ് വിദേശകാര്യ മന്ത്രാലയം കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഡോക്‌ലായില്‍നിന്ന് ഇന്ത്യ സൈന്യത്തെ പിന്‍വലിക്കണമെന്നും ചൈന ആവശ്യപ്പെട്ടു.
ഡോക്‌ലായില്‍ 2012-ല്‍ ഇന്ത്യ നിര്‍മ്മിച്ച രണ്ട് ബങ്കറുകള്‍ നീക്കം ചെയ്യണമെന്ന് ജൂണ്‍ ഒന്നിന് ചൈന ആവശ്യപ്പെട്ടിരുന്നു. ഇന്ത്യ, ഭൂട്ടാന്‍, ചൈന രാജ്യങ്ങള്‍ സന്ധിക്കുന്ന മേഖലയിലാണ് ഈ ബങ്കറുകള്‍ സ്ഥിതി ചെയ്യുന്നത്. ഈ പ്രദേശം ചൈനയുടേതാണെന്നും ഇന്ത്യക്കും ഭൂട്ടാനും ഇതില്‍ അവകാശമില്ലെന്നുമാണ് ചൈനയുടെ അവകാശവാദം. ഇതിന് വഴങ്ങാതിരുന്നതിനാലാണ് ഇന്ത്യയുടെ ബങ്കറുകള്‍ ചൈന ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ത്തത്. ഇതിനെ തുടര്‍ന്നാണ് ഡോങ്‌ലാങ് മേഖലയിലേക്ക് ഇന്ത്യ കൂടുതല്‍ സൈനികരെ അയച്ചത്.
ഇന്ത്യ-ചൈന സംഘര്‍ഷം മികച്ച രീതിയില്‍ കൈകാര്യം ചെയ്ത് പരിഹാരം കണ്ടില്ലെങ്കില്‍ യുദ്ധത്തിന് സാധ്യതയെന്ന് ചൈനീസ് മാധ്യമമായ ഗ്ലോബല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. അതിര്‍ത്തി തര്‍ക്കത്തിലടക്കം രാജ്യത്തിന്റെ പരമാധികാരം സംരക്ഷിക്കുന്നതിനായി ചൈന യുദ്ധത്തിന് വരെ മുതിര്‍ന്നേക്കാമെന്ന് പത്രം ചൂണ്ടിക്കാട്ടിയിരുന്നു.