കൊറോണയില്‍ പരിഭ്രാന്തി വേണ്ട; പ്രധാനമന്ത്രി സ്ഥിതി നേരിട്ട് നിരീക്ഷിക്കുന്നു

ന്ത്യയില്‍ സ്ഥിരീകരിച്ച കൊറോണാവൈറസ് കേസുകളുടെ എണ്ണം 29 ആയി ഉയര്‍ന്നെങ്കിലും പരിഭ്രാന്തരാകേണ്ട സാഹചര്യമില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്‍ഷവര്‍ദ്ധന്‍. പ്രധാനമന്ത്രി നരേന്ദ്ര മോദി സ്ഥിതിഗതികള്‍ നേരിട്ട് നിരീക്ഷിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

രാജ്യസഭയില്‍ കൊറോണാവൈറസ് പകര്‍ച്ചവ്യാധി സംബന്ധിച്ച് വിവരങ്ങള്‍ പങ്കുവെയ്ക്കുകയായിരുന്നു കേന്ദ്രമന്ത്രി. ആരോഗ്യ മന്ത്രാലയവും, പ്രധാനമന്ത്രി നേരിട്ടും സ്ഥിതി നിരീക്ഷിക്കുന്നതായി ഹര്‍ഷവര്‍ദ്ധന്‍ വ്യക്തമാക്കി. ‘ഞാന്‍ ദിവസേന സ്ഥിതി പരിശോധിക്കുന്നുണ്ട്. കൂടാതെ മന്ത്രിമാരുടെ സംഘവും നിരീക്ഷണം നടത്തുന്നു’, കേന്ദ്ര ആരോഗ്യ മന്ത്രി പറഞ്ഞു.

‘ആകെ റിപ്പോര്‍ട്ട് ചെയ്തത് 29 കേസുകളാണ്. ഇതില്‍ കേരളത്തില്‍ നിന്നുള്ള മൂന്ന് പേരെ വിട്ടയച്ചു. ഒരാള്‍ ഡല്‍ഹിയിലാണ് പോസിറ്റീവായത്. ഇദ്ദേഹം ഇറ്റലിയില്‍ യാത്ര ചെയ്ത വ്യക്തിയാണ്’, ഹര്‍ഷവര്‍ദ്ധന്‍ പറഞ്ഞു. ജനുവരി 17 മുതല്‍ ഇന്ത്യ ആവശ്യമായ തയ്യാറെടുപ്പുകളും, നടപടികളും സ്വീകരിച്ചിരുന്നതായി ആരോഗ്യ മന്ത്രി വ്യക്തമാക്കി. ലോകാരോഗ്യ സംഘടന നിര്‍ദ്ദേശം വരുന്നതിന് ഏറെ മുന്‍പാണ് ഇത്.

മാര്‍ച്ച് 4 വരെ ഏകദേശം 6,11,176 യാത്രക്കാരെ വിവിധ ഇടങ്ങളില്‍ സ്‌ക്രീനിംഗിന് വിധേയമാക്കിയെന്ന് ഡോ. ഹര്‍ഷവര്‍ദ്ധന്‍ രാജ്യസഭയെ അറിയിച്ചു. നേരത്തെ തെരഞ്ഞെടുത്ത 12 രാജ്യങ്ങളില്‍ നിന്നുള്ളവരെയാണ് എയര്‍പോര്‍ട്ടുകളില്‍ സ്‌ക്രീനിംഗിന് വിധേയമാക്കിയിരുന്നത്. ഇത് മാറ്റി എല്ലാ രാജ്യങ്ങളിലെയും യാത്രക്കാരെ പരിശോധിക്കാന്‍ ബുധനാഴ്ച പ്രഖ്യാപനം ഇറക്കിയിരുന്നു.

പുതിയ കൊറോണ കേസുകളുടെ എണ്ണം 29ലേക്ക് എത്തിയതോടെ സ്‌കൂളുകളില്‍ എല്ലാവരും കൂടിച്ചേരുന്ന പരിപാടികള്‍ ഒഴിവാക്കാന്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

Top