ജാർഖണ്ഡില്‍ ഇന്ന് പ്രത്യേക നിയമസഭാ സമ്മേളനം, എംഎൽഎമാർ റാഞ്ചിയിലെത്തും

റാഞ്ചി: രാഷ്ട്രീയ പ്രതിസന്ധി തുടരുന്നതിനിടെ ജാർഖണ്ഡിൽ ഇന്ന് പ്രത്യേക നിയമസഭ സമ്മേളനം ചേരും. സഭയിൽ ഇന്ന് വിശ്വാസ വോട്ടെടുപ്പ് നടക്കാനും സാധ്യത. മുഖ്യമന്ത്രിയുടെ അയോഗ്യത വിഷയത്തിൽ തീരുമാനം നീളുന്ന സാഹചര്യത്തിലാണ് പ്രത്യേക സമ്മേളനം ചേരുന്നത്. ഛത്തീസ്ഗഡിൽ ആയിരുന്ന യുപിഎ എംഎൽഎമാർ സമ്മേളനത്തിൽ പങ്കെടുക്കാൻ ഇന്നലെ രാത്രിയോടെ റാഞ്ചിയിൽ തിരിച്ചെത്തിയിട്ടുണ്ട്.

ഹേമന്ത് സോറനെ അയോഗ്യനാക്കാമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ ശുപാർശ നൽകിയിട്ടും ഗവർണർ രമേഷ് ബെയ്സ് ഇനിയും തീരുമാനം പ്രഖ്യാപിച്ചിട്ടില്ല. രണ്ട് ദിവസത്തിനുള്ലിൽ തീരുമാനം അറിയിക്കാമെന്നാണ് തന്നെ കാണാൻ എത്തിയ യുപിഎ പ്രതിനിധി സംഘത്തെ ഗവർണർ കഴിഞ്ഞ ദിവസം അറിയിച്ചത്.

81 അംഗ നിയമസഭയിൽ ജെഎംഎം 30, കോൺഗ്രസ് 18, ആർജെഡി 1 എന്നിങ്ങനെയാണ് കക്ഷിനില. പ്രധാന പ്രതിപക്ഷമായ ബിജെപിക്ക് 26 എംഎൽഎമാരാണുള്ളത്. കരിങ്കൽ ഖനിക്കു സോറൻ ഭരണ സ്വാധീനമുപയോഗിച്ച് അനുമതി പുതുക്കിയെടുത്തെന്ന പരാതിയിലാണ് തെരഞ്ഞെടുപ്പു കമ്മീഷൻ മുഖ്യമന്ത്രിക്കെതിരെ നടപടിക്കൊരുങ്ങുന്നത്. ജനപ്രാതിനിധ്യ നിയമത്തിലെ 9 എ വകുപ്പുപ്രകാരം ഹേമന്ത് സോറനെ അയോഗ്യനാക്കണമെന്നായിരുന്നു പരാതിയിലെ ആവശ്യം.

Top