തിരുവനന്തപുരം : തൊഴുപുഴയില്‍ നാലംഗ കുടുംബത്തെ കൊന്നു കുഴിച്ചു മുടിയ കേസ് അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ രൂപീകരിച്ചു. തൊടുപുഴ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘത്തിനാണ് കേസ് അന്വേഷണത്തിന്റെ ചുമതല.
വണ്ണപ്പുറം മുണ്ടന്‍മുടി കാനാട്ടുവീട്ടില്‍ കൃഷ്ണന്‍കുട്ടി (52), ഭാര്യ സൂശീല(50), മക്കളായ ആര്‍ഷ (21), അര്‍ജുന്‍ (18) എന്നിവരെയാണ് ബുധനാഴ്ച കൊന്നു കുഴിച്ചു മുടിയ നിലയില്‍ കണ്ടെത്തിയത്. അമ്മയെയും മകളെയും കുത്തിക്കൊലപ്പെടുത്തിയ നിലയിലും അച്ഛനെയും മകനെയും തലയ്ക്കടിച്ചു കൊലപ്പെടുത്തിയ നിലയിലുമാണെന്നും പൊലീസ് പറയുന്നു. ആര്‍ഷ ബിഎഡ് വിദ്യാര്‍ഥിനി ആയിരുന്നു.
ഇവരെ കാണാതായതായി പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് സംഘം നടത്തിയ തെരച്ചിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.
കൊല്ലപ്പെട്ട കൃഷ്ണന്‍കുട്ടിക്ക് വീട്ടില്‍ മന്ത്രവാദ പരിപാടികള്‍ ഉണ്ടായിരുന്നതായി ബന്ധുക്കളും നാട്ടുകാരും പറയുന്നു. അതുകൊണ്ടുതന്നെ ഇവരുമായി നാട്ടുകാര്‍ക്കും ബന്ധുക്കള്‍ക്കും യാതൊരു അടുപ്പവുമില്ലായിരുന്നു. ഒരു കുഴിയില്‍ ഒന്നിനു മുകളില്‍ മറ്റൊന്നായിട്ടാണ് മൃതദേഹങ്ങള്‍ കാണപ്പെട്ടത്.
ഇവരുടെ വീടിന്റെ ജനാലച്ചില്ലുകളില്‍ വെളിച്ചം ഉള്ളിലേക്കു കടക്കാത്ത വിധം പ്ലാസ്റ്റിക് കൊണ്ട് മറച്ചനിലയിലായിരുന്നു. ഇതു മന്ത്രവാദവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്കു വേണ്ടിയാണോയെന്ന സംശയം ഉയര്‍ന്നിട്ടുണ്ട്. ഇത്തരം കാര്യങ്ങള്‍ക്കായി ഇവരെ സമീപിച്ചവരുമായുണ്ടായ പ്രശ്‌നങ്ങള്‍ ആണോ കൊലപാതകത്തില്‍ കലാശിച്ചതെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.