ദോഹ : പലസ്തീന്‍ പ്രശ്നത്തിന് ശാശ്വതമായ പരിഹാരം വേണമെന്ന് അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനി. ഗാസാ മുനമ്പിലെ അധിനിവേശം അവസാനിപ്പിച്ച് ഇസ്രയേല്‍ പിന്‍വാങ്ങി പലസ്തീന്‍ ജനതയ്ക്ക് അവകാശങ്ങള്‍ തിരികെ ലഭിക്കുന്നത് വരെയും ഈ ഐക്യദാര്‍ഢ്യം ഖത്തര്‍ തുടരുമെന്നും അമീര്‍ വ്യക്തമാക്കി.
പലസ്തീന്‍ ഐക്യദാര്‍ഢ്യ ദിനാചരണത്തോടനുബന്ധിച്ചു വിയന്നയില്‍ യുഎന്‍ സംഘടിപ്പിച്ച സമ്മേളനത്തിനു നല്‍കിയ സന്ദേശത്തിലാണ് അമീര്‍ ഖത്തറിന്റെ നിലപാടു വ്യക്തമാക്കിയത്.
പലസ്തീന്‍ ജനതയുടെ മണ്ണും വിഭവങ്ങളും ബലമായി പിടിച്ചെടുക്കുന്ന ഇസ്രയേല്‍ സൈനികര്‍ നിരായുധരായ പലസ്തീനികളുടെ സഞ്ചാരസ്വാതന്ത്ര്യവും തടയുകയാണ്. മുസ്ലിംകള്‍ പുണ്യകേന്ദ്രമായി കരുതുന്ന അല്‍ അഖ്സ മസ്ജിദിലേക്കുള്ള പ്രവേശനംപോലും തടയുന്ന ഇസ്രയേല്‍ നടപടി കടുത്ത മനുഷ്യാവകാശ ധ്വംസനമാണെന്നും പ്രശ്നം ശാശ്വതമായി പരിഹരിക്കപ്പെടുംവരെ പലസ്തീനിലെ സഹോദരങ്ങള്‍ക്കുള്ള സഹായം ഖത്തര്‍ തുടരുമെന്നും അദ്ദേഹം സൂചിപ്പിച്ചു.
രൂക്ഷമായ വൈദ്യുതക്ഷാമം നേരിടുന്ന ഗാസാ മുനമ്പില്‍ വൈദ്യുതോല്‍പാദനത്തിനാവശ്യമായ ഇന്ധനം ഖത്തര്‍ തുടര്‍ന്നുമെത്തിക്കുമെന്നും അമീര്‍ വ്യക്തമാക്കി.