കൊച്ചി: താന്‍ നിരപരാധിയാണെന്ന് ജിഷ വധക്കേസില്‍ കുറ്റക്കാരനെന്ന് കോടതി വിധിച്ച പ്രതി അമീറുള്‍ ഇസ്ലാം.
ആരെയും കൊന്നിട്ടില്ല, തന്നെ പൊലീസ് ബലമായി പിടിച്ചു കൊണ്ടു വന്നതാണെന്നും അമീര്‍ മാധ്യമങ്ങളോട് പറഞ്ഞു.
ജിഷ വധക്കേസിലെ വിധി നിരപരാധിക്ക് കിട്ടിയ ശിക്ഷയാണന്നാണ് അമീറുള്‍ ഇസ്‌ലാമിന്റെ അഭിഭാഷകന്‍ അഡ്വ.ബി.എ.ആളൂര്‍ പറഞ്ഞത്.
ജനാധിപത്യരാജ്യമായ ഇന്ത്യയില്‍ അമീറുലിന് നീതി നിഷേധിക്കപ്പെടുകയായിരുന്നു, പ്രതി സംഭവസ്ഥലത്തുണ്ടായിരുന്നു എന്നതുകൊണ്ടുമാത്രമാണ് ശിക്ഷാര്‍ഹനായതെന്നും ആളൂര്‍ പ്രതികരിച്ചു.
പ്രതി കുറ്റക്കാരനെന്ന് തെളിഞ്ഞതിനാല്‍ പരമാവധി ശിക്ഷയായ വധശിക്ഷ നല്‍കണമെന്നായിരിക്കും പ്രോസിക്യൂഷന്റെ വാദം. അതിനാല്‍ പ്രതിക്ക് കുറഞ്ഞ ശിക്ഷ നല്‍കണമെന്ന് താന്‍ വാദിക്കുമെന്നും അഡ്വ.ആളൂര്‍ മാധ്യമങ്ങളോട് പറഞ്ഞു.
ഒരുപാട് സമ്മര്‍ദ്ദങ്ങള്‍ക്ക് അടിപ്പെട്ടാണ് അമീര്‍ ജയിലില്‍ കഴിയുന്നതെന്ന് ആളൂര്‍ പറഞ്ഞു. യഥാര്‍ഥ പ്രതികള്‍ ഇപ്പോഴും മറഞ്ഞിരിക്കുകയാണ്. ഇവരെ കണ്ടെത്താന്‍ പൊലീസ് ആദ്യം മുതലേ ശുഷ്‌കാന്തി കാണിച്ചിരുന്നെങ്കില്‍ പുതിയ അന്വേഷണ സംഘത്തിന്റെ ആവശ്യമുണ്ടാകുമായിരുന്നില്ല.
ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനാണ് പൊലീസ് അമീറിനെ കേസില്‍ പ്രതിയാക്കിയത്. പൊലീസ് ഹാജരാക്കിയ ശാസ്ത്രീയമായ തെളിവുകള്‍ മാത്രം വച്ച് അമീറിനെ ശിക്ഷിക്കാനാകില്ലെന്നും ആളൂര്‍ അവകാശപ്പെട്ടു. ഈ തെളിവുകളൊന്നും പൂര്‍ണമല്ല. പ്രതിക്ക് സംശയത്തിന്റെ ആനുകൂല്യം ലഭിക്കേണ്ടതാണെന്നും ആളൂര്‍ ചൂണ്ടിക്കാട്ടി.
ജിഷ വധക്കേസില്‍ പ്രതി അമീറുള്‍ ഇസ്ലാം കുറ്റക്കാരനാണെന്ന് കോടതി വിധിച്ചിരുന്നു. കേസില്‍ ശിക്ഷ നാളെ പ്രഖ്യാപിക്കും.
പെരുമ്പാവൂരിലെ ഇതര സംസ്ഥാന തൊഴിലാളി ക്യാംപില്‍ കഴിഞ്ഞിരുന്ന അസം സ്വദേശി അമീറുല്‍ ഇസ്ലാം വീട്ടില്‍ അതിക്രമിച്ചു കയറി ജിഷയെ മാനഭംഗപ്പെടുത്തിയ ശേഷം കൊലപ്പെടുത്തിയെന്നാണ് കേസ്.