ന്യൂഡല്‍ഹി : അണ്ടര്‍ 23 ക്രിക്കറ്റ് ടീമില്‍ എടുക്കാത്തതിന്റെ പേരില്‍ സെലക്ടറെ ഗുണ്ടാസംഘവുമായി ചേര്‍ന്ന് ആക്രമിച്ച സംഭവത്തില്‍ യുവക്രിക്കറ്റ് താരം അനുജ് ദേധക്ക് ആജീവനാന്ത വിലക്ക്.ഡി.ഡി.സി.എ പ്രസിഡന്റ് രജത് ശര്‍മയാണ് അനൂജ് ദേധയെ വിലക്ക് ഏര്‍പ്പെടുത്തിയത്.
ടീമിലേക്ക് തിരഞ്ഞെടുക്കാത്തതിന്റെ പേരിലാണ് അനൂജ് ദേധയുടെ നേതൃത്വത്തിലുള്ള ഗുണ്ടാ സംഘം ഡി.ഡി.സി.എ സീനിയര്‍ സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ കൂടിയായ അമിത് ഭണ്ഡാരിയെ ആക്രമിച്ചത്.
ഇരുമ്പ് പൈപ്പുകളും ഹോക്കി സ്റ്റിക്കും അടക്കം ഉപയോഗിച്ചായിരുന്നു അമിത് ഭണ്ഡാരിക്ക് നേരെ ആക്രമണമുണ്ടായത്. ടീം തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഡല്‍ഹിയിലെ സെന്റ് സ്റ്റീഫന്‍സ് കോളജ് മൈതാനത്ത് ട്രയല്‍സിനു മേല്‍നോട്ടം വഹിക്കുമ്പോഴാണ് മര്‍ദ്ദനമേറ്റത്. പൊലീസ് സ്ഥലത്തെത്തും മുമ്പ് അക്രമികള്‍ രക്ഷപ്പെട്ടിരുന്നു.
ആക്രമണത്തെ രൂക്ഷമായി വിമര്‍ശിച്ച് ഡല്‍ഹിയില്‍ നിന്നും ഇന്ത്യന്‍ ടീമിലെത്തിയ വീരേന്ദര്‍ സേവാഗും ഗൗതം ഗംഭീറും രംഗത്തെത്തിയിരുന്നു.