അമിത് ഷാ കര്‍ഷകരുമായി ചര്‍ച്ചയ്ക്ക്; ഉന്നതതല യോഗം വിളിച്ചു

ന്യൂഡല്‍ഹി: കര്‍ഷക പ്രക്ഷോഭം അവസാനിപ്പിക്കാന്‍ ആഭ്യന്തരമന്ത്രി അമിത് ഷാ ഉന്നതതല യോഗം വിളിച്ചു. കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് കര്‍ഷക സംഘടന പ്രതിനിധികളുമായി നടത്തിയ അനൗദ്യോഗിക ചര്‍ച്ചയുടെ അടിസ്ഥാനത്തിലാണ് യോഗം വിളിച്ച് ചേര്‍ത്തത്. പാര്‍ലമെന്റ് പാസാക്കിയ നിയമത്തില്‍ കര്‍ഷകരുടെ ആശങ്ക പരിഹരിക്കും എന്ന് രവിശങ്കര്‍ പ്രസാദ് വ്യക്തമാക്കി.

ബുറാഡിയിലെ മൈതാനത്ത് സമരം കേന്ദ്രീകരിക്കണം എന്ന ഉപാധി കര്‍ഷകര്‍ തള്ളിയിരുന്നു. സമരം അനിശ്ചിതമായി തുടര്‍ന്നാല്‍ രാഷ്ട്രീയമായി നഷ്ടം ഉണ്ടാകും എന്ന് ബിജെപിയും വിലയിരുത്തി. ഈ സാഹചര്യത്തിലാണ് അനൗദ്യോഗിക ചര്‍ച്ചകള്‍ക്ക് രവിശങ്കര്‍ പ്രസാദ് തുടക്കമിട്ടത്.

കര്‍ഷകരുടെ ആശങ്കകള്‍ പരിഹരിക്കാം എന്ന ഉറപ്പാണ് മന്ത്രി നല്‍കിയത്. ഡിസംബര്‍ 3ന് ഔദ്യോഗിക ചര്‍ച്ചയും നടത്തും. സമവായത്തിന്റെ സൂചന രവിശങ്കര്‍ പ്രസാദ് ട്വിറ്ററിലൂടെയും വ്യക്തമാക്കി.

Top