ലോക്‌സഭാ തെരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ മെനയാന്‍ അമിത് ഷാ കേരളത്തിലേയ്ക്ക്‌

ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ മെനയാന്‍ ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ 27ന് കേരളത്തിലേയ്ക്ക്. 20 മണ്ഡലങ്ങളിലായി നടക്കുന്ന ലോക്‌സഭാ മത്സരത്തില്‍ ഏറ്റവും കുറഞ്ഞത് നാല് സീറ്റുകളാണ് ബിജെപിയുടെ ലക്ഷ്യം. തെരഞ്ഞെടുപ്പ് പ്രചരണ പരിപാടികളുടെ ചര്‍ച്ചകള്‍ അമിത് ഷായുടെ നേതൃത്വത്തില്‍ ചര്‍ച്ച ചെയ്യും. സീറ്റൊന്നും കിട്ടിയില്ലെങ്കില്‍ സംസ്ഥാന നേതൃത്വത്തില്‍ അടിമുടി അഴിച്ചുപണിയുണ്ടാകുമെന്ന് അദ്ദേഹം മുന്നറിയിപ്പു നല്‍കാനും സാധ്യതയുണ്ട്.

കണ്ണൂരില്‍ ജില്ലാ കമ്മിറ്റി ഓഫീസിന്റെ ഉദ്ഘാടനമുള്‍പ്പടെയുള്ള വിവിധ പരിപാടികളില്‍ അമിത് ഷാ പങ്കെടുക്കുമെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ അറിയിക്കുന്നത്. തുടര്‍ന്ന് സംസ്ഥാനത്തെ മുതിര്‍ന്ന ആര്‍എസ്എസ് നേതാക്കളുമായും ചര്‍ച്ച നടത്തും. കുമ്മനം രാജശേഖരനെ അദ്ധ്യക്ഷ സ്ഥാനത്തു നിന്ന് നീക്കിയതിനെ തുടര്‍ന്ന് അതൃപ്തരായ ആര്‍.എസ്.എസ് നേതാക്കളെ അനുനയിപ്പിക്കുക എന്നതാണ് കൂടിക്കാഴ്ചയുടെ ലക്ഷ്യം.

ശബരിമല വിഷയത്തില്‍ പാര്‍ട്ടി വിശ്വാസികള്‍ക്കൊപ്പം നിന്നത് അനുകൂല സാഹചര്യമാണെന്നും ഇത് തെരഞ്ഞെടുപ്പില്‍ പരമാവധി പ്രയോജനപ്പെടുത്തണമെന്നും സംസ്ഥാന ഘടകത്തിന് കേന്ദ്ര നേതൃത്വം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

അതേസമയം, ചില മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളെ ബി.ജെ.പിയിലേക്ക് കൊണ്ടുവരാനുള്ള നീക്കങ്ങള്‍ പാളിയതില്‍ മേല്‍ഘടകത്തിന് അതൃപ്തിയുണ്ട്. കേരളത്തിലെ ഇടത്, വലത് മുന്നണികളിലെ അസംതൃപ്തരെ കണ്ടെത്തി സംഘടനയിലേക്ക് കൊണ്ടുവരണമെന്ന് കേന്ദ്ര നേതൃത്വം നേരത്തെ നിര്‍ദ്ദേശിച്ചിരുന്നു.

ആര്‍.എസ്. എസിന്റെ സംഘടനാ സംവിധാനത്തിന് സമാനമായ രീതിയില്‍ കോര്‍പ്പറേഷന്‍ പ്രദേശങ്ങളില്‍ നഗര ജില്ലാ കമ്മിറ്റികളും ബാക്കിയുള്ള പ്രദേശങ്ങളില്‍ ഗ്രാമീണ ജില്ലാ കമ്മിറ്റികളും രൂപീകരിക്കാനും ശ്രമമുണ്ട്.

കേരളത്തിലെ രാഷ്ട്രീയ കാലാവസ്ഥയില്‍ യു.ഡി.എഫിനെ ദുര്‍ബലപ്പെടുത്തുന്നതിലൂടെ ബി.ജെ.പിക്ക് മുന്നേറാന്‍ കഴിയുമെന്നാണ് നേതൃത്വത്തിന്റെ കണക്കുകൂട്ടല്‍. കോണ്‍ഗ്രസ് നേതാക്കളെ അടര്‍ത്തിയെടുത്ത് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ മാതൃക കേരളത്തിലും ആവര്‍ത്തിക്കാനാണ് ബിജെപി നീക്കം.

കഴിഞ്ഞ നിയമസഭ തെരഞ്ഞടുപ്പില്‍ അഞ്ചിടങ്ങളില്‍ ശക്തമായ മുന്നേറ്റം നടത്താന്‍ ബിജെപിക്ക് സാധിച്ചു. പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി പോലും പ്രതീക്ഷിക്കാത്ത വോട്ട് വര്‍ദ്ധനവാണ് ഉണ്ടായത്. ഇത് ലോക്‌സഭാ തെരഞ്ഞെടുപ്പിലും ആവര്‍ത്തിക്കാനാകും ബിജെപി ശ്രമം.

Top