അമിത് ഷാ ചെങ്കോട്ടയിലേക്ക്; പരുക്കേറ്റ പൊലീസുകാരെ സന്ദര്‍ശിക്കും

ന്യൂഡല്‍ഹി: ആഭ്യന്തരമന്ത്രി അമിത് ഷാ ഇന്ന് ചെങ്കോട്ടയില്‍ സന്ദര്‍ശനം നടത്തും. റിപ്പബ്ലിക് ദിനത്തിലെ കര്‍ഷക പരേഡിനിടെയുണ്ടായ സംഘര്‍ഷത്തില്‍ പരുക്കേറ്റ പൊലീസുകാരെയും അമിത് ഷാ ആശുപത്രിയിലെത്തി സന്ദര്‍ശിക്കും. ഉച്ചയ്ക്ക് 12 മണിയോടെ അമിത് ഷാ വടക്കന്‍ ഡല്‍ഹിയിലെ സിവില്‍ ലൈനിലുള്ള സുശ്രുത് ട്രോമ സെന്റര്‍, തിരുത്ത് റാം ആശുപത്രി എന്നിവിടങ്ങളിലെത്തും.

രാജ്യതലസ്ഥാനത്തെ പിടിച്ചുകുലുക്കിയ സംഘര്‍ഷത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ആഭ്യന്തര മന്ത്രി അമിത് ഷാ രാജിവെക്കണമെന്നുള്ള കോണ്‍ഗ്രസടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികളുടെ ആവശ്യത്തിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ സന്ദര്‍ശനം.

ഇതിനിടെ ചൊവ്വാഴ്ചത്തെ ആക്രമണത്തില്‍ പങ്കാളികളായവരെ എത്രയും വേഗം കണ്ടെത്തണമെന്ന് അമിത് ഷാ ഡല്‍ഹി പൊലീസിന് വീണ്ടും നിര്‍ദേശം നല്‍കി. ഉദ്യോഗസ്ഥരുമായി ഒരു മണിക്കൂറോളം നീണ്ടു നിന്ന കൂടിക്കാഴ്ചയില്‍ സ്ഥിതിഗതികള്‍ വിലയിരുത്തുകയും സ്വീകരിക്കേണ്ട നടപടികള്‍ സംബന്ധിച്ച് നിര്‍ദേശവും നല്‍കി.

ആഭ്യന്തര സെക്രട്ടറി അജയ് ഭല്ല, ഡല്‍ഹി പൊലീസ് കമ്മീഷണര്‍ എസ്.എന്‍.ശ്രിവാസ്തവ, ഇന്റലിജന്‍സ് ബ്യൂറോ മേധാവികള്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു. കര്‍ഷക നേതാക്കളടക്കം അക്രമത്തില്‍ പങ്കാളികളായ എല്ലാവര്‍ക്കെതിരെയും നപടി സ്വീകരിക്കാന്‍ ഉത്തരവിട്ടിട്ടുണ്ടെന്ന് ആഭ്യന്തര മന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു.

സംഘര്‍ഷങ്ങള്‍ക്ക് പിന്നാലെ ചൊവ്വാഴ്ചയും ആഭ്യന്തര മന്ത്രി ഉന്നത ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തി സ്ഥിതിഗതികള്‍ വിലയിരുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ക്രമസമാധാന നിയന്ത്രണത്തിന് ഡല്‍ഹി പൊലീസിനെ സഹായിക്കാന്‍ 4500 അര്‍ദ്ധസൈനികരെ കൂടി വിന്യസിക്കാന്‍ തീരുമാനിച്ചത്.

 

Top