ബിജെപി ദേശീയ അധ്യക്ഷ സ്ഥാനമൊഴിയില്ലെന്ന് അമിത് ഷാ

ലക്‌നോ: രാജ്യസഭയിലേക്കു തെരഞ്ഞെടുക്കപ്പെട്ടാലും ബിജെപി അധ്യക്ഷ സ്ഥാനമൊഴിയില്ലെന്ന് അമിത് ഷാ.

പാര്‍ട്ടി ഏല്‍പ്പിച്ച സ്ഥാനത്ത് താന്‍ സന്തോഷത്തോടെയാണ് പ്രവര്‍ത്തിക്കുന്നതെന്നും ലക്‌നോവില്‍ മൂന്നുദിന സന്ദര്‍ശനത്തിനെത്തിയ അമിത് ഷാ പറഞ്ഞു. ഇതോടെ അമിത് ഷായുടെ രാജി സംബന്ധിച്ച അഭ്യൂഹങ്ങള്‍ക്കു വിരാമമായി.

പാര്‍ട്ടി പ്രസിഡന്റെന്ന നിലയില്‍ എനിക്ക് ഏറെ ഉത്തരവാദിത്തങ്ങളുണ്ട്. ഞാന്‍ ഇപ്പോള്‍ സന്തോഷവാനാണ്. പൂര്‍ണഹൃദയത്തോടെയാണ് ഞാന്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. നിങ്ങള്‍(മാധ്യമപ്രവര്‍ത്തകര്‍) വെറുതെ നിര്‍ബന്ധിക്കരുത്- അമിത് ഷാ പറഞ്ഞു. നരേന്ദ്ര മോദി ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും ജനപ്രിയനായ പ്രധാനമന്ത്രിയാണെന്ന കാര്യത്തില്‍ ആര്‍ക്കും തര്‍ക്കമില്ലെന്നും അമിത് ഷാ പറഞ്ഞു.

ബിഹാറില്‍ മഹാസഖ്യത്തെ ബിജെപി തകര്‍ത്തെന്ന ആരോപണങ്ങള്‍ അമിത് ഷാ നിഷേധിച്ചു. ബിജെപി ഒരു പാര്‍ട്ടിയെയും തകര്‍ത്തിട്ടില്ലെന്നും അഴിമതിയെ തുടര്‍ന്ന് തുടരാന്‍ സാധിക്കാതെ വന്നപ്പോഴാണ് നിതീഷ് മുഖ്യമന്ത്രി സ്ഥാനമൊഴിഞ്ഞതെന്നും അമിത് ഷാ പറഞ്ഞു.

നേരത്തെ, രാജ്യസഭയിലേക്ക് മത്സരിക്കാന്‍ അമിത് ഷാ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചിരുന്നു. ഗുജറാത്തില്‍ നിന്നാണ് ഷാ രാജ്യസഭയിലേക്ക് മത്സരിക്കുന്നത്. ഗുജറാത്തില്‍ നിന്നു നാല് തവണ അമിത് ഷാ നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ഗുജറാത്തിലെ നിയമസഭാംഗത്വം ഒഴിഞ്ഞശേഷമാണ് അമിത് ഷാ തെരഞ്ഞെടുപ്പിനെ നേരിടുന്നത്.

Top