ഡൽഹി: വ്യാജ ഏറ്റുമുട്ടൽ കേസിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേരു പറയാൻ, യുപിഎ ഭരണകാലത്ത് സിബിഐ നിർബന്ധിച്ചെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. അന്നു ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന മോദിയെ കേസിൽ കുടുക്കാൻ സിബിഐ തീവ്ര ശ്രമം നടത്തിയെന്ന് അമിത് ഷാ പറഞ്ഞു. കേന്ദ്ര സർക്കാർ അന്വേഷണ ഏജൻസികളെ ദുരുപയോഗം ചെയ്യുകയാണെന്ന പ്രതിപക്ഷ ആരോപണത്തെക്കുറിച്ചുള്ള ചോദ്യത്തോടു പ്രതികരിക്കുകയായിരുന്നു അമിത് ഷാ.
വ്യാജ ഏറ്റുമുട്ടൽ കേസിൽ തന്നെ ചോദ്യം ചെയ്തപ്പോൾ മോദിയുടെ പേരു പറയാൻ നിർബന്ധിക്കുകയായിരുന്നു സിബിഐ. ഇതിന്റെ പേരിൽ ബിജെപി ബഹളമൊന്നും ഉണ്ടാക്കിയില്ലെന്ന് അമിത് ഷാ പറഞ്ഞു.
കോടതി കുറ്റക്കാരനെന്നു കണ്ടെത്തുകയും സഭാംഗത്വം നഷ്ടപ്പെടുകയും ചെയ്യുന്ന ആദ്യത്തെ രാഷ്ട്രീയ നേതാവല്ല രാഹുൽ ഗാന്ധി. കേസിൽ മേൽക്കോടതിയിൽ അപ്പീൽ നൽകുന്നതിനു പകരം വെറുതെ ബഹളമുണ്ടാക്കുകയാണ് രാഹുൽ. തന്റെ വിധിക്കു പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കുറ്റപ്പെടുത്താനാണ് രാഹുൽ ശ്രമിക്കുന്നത്. ഇക്കാര്യത്തിൽ കോൺഗ്രസ് തെറ്റിദ്ധാരണ പരത്തുകയാണെന്നും ഷാ പറഞ്ഞു.
രാഹുൽ ഇതുവരെ അപ്പീൽ നൽകിയിട്ടില്ല. ഇത് അഹങ്കാരമല്ലേ? എംപിയായി തുടരുകയും വേണം, എന്നാൽ കോടതിയെ സമീപിക്കുകയുമില്ല എന്നാണ് രാഹുലിന്റെ നിലപാട്. ഇതെങ്ങനെ അനുവദിച്ചുകൊടുക്കാനാവും എന്ന് അമിത് ഷാ ചോദിച്ചു.