അഹമ്മദാബാദ്: വികസനം കാണണമെങ്കില്‍ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഇറ്റാലിയന്‍ കണ്ണട മാറ്റി പകരം ഗുജറാത്തി കണ്ണട ധരിക്കണമെന്ന് ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ.
ഗുജറാത്ത് ഗൗരവ് യാത്രയുടെ രണ്ടാം ഘട്ടം ഉദ്ഘാടനം ചെയ്ത് പോര്‍ബന്തറില്‍ നടത്തിയ പ്രസംഗത്തിലാണ് അമിത് ഷാ രാഹുലിനെ പരിഹസിച്ചത്.
കഴിഞ്ഞ മൂന്നു വര്‍ഷം കേന്ദ്രത്തിലിരുന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുജറാത്തിന് എന്തു നല്‍കി എന്നാണ് കോണ്‍ഗ്രസ് ചോദിക്കുന്നത്. ഗുജറാത്തിന് മോദി എഐഐഎംഎസ് നല്‍കി, രാജ്‌കോട്ടില്‍ അന്താരാഷ്ട്ര വിമാനത്താവളം അനുവദിച്ചു, നര്‍മദയിലെ സര്‍ദാര്‍ സരോവര്‍ അണക്കെട്ടിന്റെ ഉയരം കൂട്ടി, ആറു ലക്ഷം പാവപ്പെട്ടവര്‍ക്ക് വീടു നല്‍കി. ഇക്കാര്യങ്ങളൊക്കെ നിങ്ങളുടെ ശ്രദ്ധയില്‍ പെടുത്തുകയാണ്.
എന്നാല്‍ രാഹുല്‍ ഗാന്ധിക്ക് ഇതൊന്നും കാണാന്‍ കഴിയില്ല. കാരണം രാഹുല്‍ ഇറ്റാലിയന്‍ കണ്ണടയാണ് ധരിച്ചിരിക്കുന്നത്. അദ്ദേഹത്തിന് ഇവിടുത്തെ വികസനം കാണണമെങ്കില്‍ അത് ഊരിമാറ്റി പകരം ഗുജറാത്തി കണ്ണട ധരിക്കണം- ഷാ പറഞ്ഞു.
അടുത്തിടെ വിവാദ പരാമര്‍ശങ്ങളുമായി രാഹുല്‍ നടത്തിയ അമേരിക്കന്‍ യാത്രയെ രാഹുലിന്റെ അവധിയാഘോഷമായിരുന്നുവെന്നും അമിതാ ഷാ പരിഹസിച്ചു. സോണിയാ ഗാന്ധിയുടെ ഇറ്റാലിയന്‍ പാരമ്പര്യവും അദ്ദേഹം എടുത്തിട്ടു.
കോണ്‍ഗ്രസ് ഇപ്പോഴും ഇവിടെ തിരഞ്ഞെടുപ്പ് വിജയം സ്വപ്നം കാണുന്നു. എല്ലാവര്‍ക്കും സ്വപ്നം കാണാനുള്ള അവകാശമുണ്ട്. നിങ്ങള്‍ തിരഞ്ഞെടുപ്പ് ജയിക്കുന്നതായി സ്വപ്നം കാണുന്നുണ്ടെങ്കില്‍ നിങ്ങള്‍ക്ക് അവധിയാഘോഷിക്കാന്‍ അമേരിക്കയില്‍ പോകാന്‍ കഴിയില്ല- അമിത് ഷാ പരിഹസിച്ച് പറഞ്ഞു.