ന്യൂഡല്‍ഹി: ജാമിയ മിലിയ സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍ പൗരത്വ നിയമത്തിനെതിരായി നടത്തിയ പ്രതിഷേധത്തിനിടെ ഉണ്ടായ വെടിവെപ്പില്‍ ആഭ്യന്തരമന്ത്രി അമിത് ഷാ റിപ്പോര്‍ട്ട് തേടി. സംഭവത്തില്‍ കര്‍ശന നടപടിയെടുക്കണമെന്ന് ഡല്‍ഹി പൊലീസ് കമ്മീഷണറോട് നിര്‍ദ്ദേശിച്ചിട്ടുണ്ടെന്നും അമിത് ഷാ അറിയിച്ചു.
മാത്രമല്ല, വളരെ ഗൗരവത്തോടെയാണ് ഈ വിഷയത്തെ സമീപിക്കുന്നതെന്നും കുറ്റവാളിയെ വെറുതെ വിടില്ലെന്നും അമിത് ഷാ ട്വീറ്റിലൂടെ അറിയിച്ചിട്ടുണ്ട്.
HM Amit Shah: Today I have spoken to Delhi Police Commissioner on the firing incident(in Jamia area) that has taken place&instructed them to take strict action. Central government will not tolerate any such incident, it will be taken seriously and the culprit will not be spared. pic.twitter.com/2gaAv0NkhF
— ANI (@ANI) January 30, 2020
അതേസമയം വെടിവെയ്പ്പില്‍ പരിക്കേറ്റ വിദ്യാര്‍ത്ഥിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. വിദ്യാര്‍ത്ഥികളുടെ പ്രതിഷേധ മാര്‍ച്ചിനിടെ പൊലീസ് സ്ഥാപിച്ച ബാരിക്കേഡുകള്‍ മറികടന്നാണ് അജ്ഞാതന്‍ വെടിവെയ്പ്പ് നടത്തിയത്. ‘ആര്‍ക്കാണ് ഇവിടെ സ്വാതന്ത്ര്യം വേണ്ടത്, ഞാന്‍ തരാം സ്വാതന്ത്യം’ എന്ന് ആക്രോശിച്ചു കൊണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് നേരെ വെടിവെയ്ക്കുകയായിരുന്നു. ഇയാളെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.
അതേസമയം പൗരത്വ നിയമത്തിന് എതിരായി പ്രതിഷേധങ്ങള്‍ നടത്തിയ ജാമിയ മിലിയ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ വെടിയുതിര്‍ത്ത സംഭവത്തില്‍ ബിജെപിക്ക് എതിരെ ആം ആദ്മി പാര്‍ട്ടി രംഗത്തെത്തിയിരുന്നു. അമിത് ഷാ രാജിവെയ്ക്കണമെന്നാണ് ആം ആദ്മി ആവശ്യപ്പെടുന്നത്.
‘ഡല്‍ഹിയില്‍ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി തോല്‍വി ഭയക്കുകയാണ്. ഇതിന്റെ പേരിലാണ് അന്തരീക്ഷം കലുഷിതമാക്കുന്നത്. ഡല്‍ഹി പൊലീസ് നടപടി സ്വീകരിക്കേണ്ടതാണ്, എന്നാല്‍ ആഭ്യന്തര മന്ത്രി അമിത് ഷാ അവരുടെ കൈകള്‍ കെട്ടിയിരിക്കുകയാണ്. ഇത് അരവിന്ദ് കെജ്രിവാള്‍ സര്‍ക്കാരിനെ താഴെയിറക്കാനുള്ള അമിത് ഷായുടെ ഗൂഢാലോചനയാണ്’, ആം ആദ്മി അംഗം സഞ്ജയ് സിംഗ് ആരോപിച്ചു.