കൊല്‍ക്കത്ത: ബിജെപി വിരുദ്ധ പാര്‍ട്ടികളെ അണിചേര്‍ത്ത് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ നേതൃത്വത്തില്‍ കൊല്‍ക്കത്തയില്‍ നടന്ന പ്രതിപക്ഷ റാലിയെ പരിഹസിച്ച് ബിജെപി അധ്യക്ഷന്‍ അമിത് ഷാ. ബ്രിഗേഡ് ഗ്രൗണ്ടില്‍ നടന്ന റാലിയില്‍ 23 പാര്‍ട്ടികളും ഒമ്പത് പ്രധാനമന്ത്രി സ്ഥാനമോഹികളുമാണ് പങ്കെടുത്തതെന്ന് അദ്ദേഹം പരിഹസിച്ചു. എന്‍ഡിഎയ്ക്ക് ഒരു നേതാവേയുള്ളു. എല്ലാവരും പ്രധാനമന്ത്രി മോദിക്ക് പിന്നില്‍ അണിനിരക്കുകയാണെന്നും മാല്‍ഡയില്‍ നടന്ന ബിജെപി റാലിയില്‍ സംസാരിക്കവെ അമിത് ഷാ അവകാശപ്പെട്ടു.
കൊല്‍ക്കത്തയില്‍ സംഘടിപ്പിച്ച റാലിയില്‍ പ്രതിപക്ഷത്തെ പ്രമുഖ നേതാക്കള്‍ പങ്കെടുത്തിരുന്നു. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍, കര്‍ണാടക മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമി, ആന്ധ്രപ്രേദശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു എന്നിവര്‍ അടക്കമുള്ളവരാണ് പങ്കെടുത്തത്. തൊട്ടുപിന്നാലെയാണ് ബിജെപിയും റാലി നടത്തിയത്.
അതേസമയം പരിപാടിയില്‍ പങ്കെടുക്കാനെത്തിയ ബിജെപി അധ്യക്ഷന്റെ ഹെലിക്കോപ്റ്റര്‍ ഇറക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ ആദ്യം അനുമതി നിഷേധിച്ചത് വിവാദമായിരുന്നു. മാല്‍ഡയിലെ എയര്‍സ്ട്രിപ്പിന്റെ അറ്റകുറ്റപ്പണി പുരോഗമിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ഹെലിക്കോപ്റ്റര്‍ ഇറങ്ങുന്നതിനുള്ള അനുമതി ആദ്യം നിഷേധിച്ചത്. ഒടുവില്‍ അവസാന നിമിഷമാണ് അനുമതി നല്‍കിയത്.
മാല്‍ഡയിലെ റാലിക്കെത്തിയ അമിത് ഷാ ആരോഗ്യസ്ഥിതി മോശമായ സാഹചര്യത്തില്‍ പശ്ചിമബംഗാളിലെ രണ്ടാമത്തെ റാലിയില്‍ പങ്കെടുക്കാതെ മടങ്ങി. പനി അവഗണിച്ചാണ് അദ്ദേഹം റാലിയില്‍ പങ്കെടുക്കാന്‍ എത്തിയതെന്നും പന്നിപ്പനി ബാധിച്ച് ചികിത്സയിലായിരുന്ന അദ്ദേഹം കഴിഞ്ഞ ദിവസമാണ് ആശുപത്രിവിട്ടതെന്നും ബിജെപി സംസ്ഥാന പ്രസിഡന്റ് ദിലീപ് ഘോഷ് അറിയിച്ചു.