ബെംഗളൂരു: പന്നിപ്പനിബാധയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച അമിത് ഷായ്‌ക്കെതിരെ വിവാദ പരാമര്‍ശം നടത്തിയ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും രാജ്യസഭാ എം.പിയുമായ ബി.കെ ഹരിപ്രസാദ് വീണ്ടും വിമര്‍ശനവുമായി രംഗത്ത്.
ബിജെപി അധ്യക്ഷന്‍ പന്നിപ്പനിയാണെന്ന് കള്ളം പറയുകയാണെന്നും ഇതുസംബന്ധിച്ച സത്യാവസ്ഥ ജനങ്ങളെ അറിയിക്കുമെന്നും അദ്ദേഹം അവകാശപ്പെട്ടു. അമിത് ഷായ്ക്ക് പിന്നിപ്പനി ബാധിച്ചിട്ടില്ലെന്ന വിവരമാണ് തങ്ങള്‍ക്ക് ലഭിച്ചിട്ടുള്ളതെന്ന് അദ്ദേഹം എ.എന്‍.ഐ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. പന്നിപ്പനി ബാധിച്ചതുകൊണ്ടല്ല അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുള്ളതെന്ന് എയിംസ് ആശുപത്രിയിലെ തങ്ങളുടെ വിശ്വസ്ത കേന്ദ്രങ്ങള്‍അറിയിച്ചുവെന്നും ഹരിപ്രസാദ് അവകാശപ്പെട്ടു. വിവരങ്ങള്‍ ശേഖരിച്ചുവരികയാണെന്നും അവ ലഭിച്ചുകഴിഞ്ഞാല്‍ മാധ്യമങ്ങളെ അറിയിക്കുമെന്നും അദ്ദേഹം വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.
ബുധനാഴ്ചയാണ് പന്നിപ്പനിയെത്തുടര്‍ന്ന് അമിത് ഷായെ എയിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇക്കാര്യം അദ്ദേഹംതന്നെയാണ് ട്വിറ്ററിലൂടെ വെളിപ്പെടുത്തിയത്. തൊട്ടുപിന്നാലെ ഹരിപ്രസാദ് വിമര്‍ശനവുമായി രംഗത്തെത്തുകയായിരുന്നു. കര്‍ണാടക സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താന്‍ ശ്രമിച്ചതിനാലാണ് അദ്ദേഹത്തിന് പന്നിപ്പനി ബാധിച്ചതെന്നായിരുന്നു ഹരിപ്രസാദിന്റെ ആരോപണം. ഇത്തരം നീക്കങ്ങള്‍ നടത്തിയാല്‍ അദ്ദേഹത്തിന് ഛര്‍ദിയും വയറിളക്കവുംകൂടി പിടിപെടുമെന്നും അദ്ദേഹം പരിഹസിച്ചിരുന്നു. ബിജെപി പ്രവര്‍ത്തകര്‍ രൂക്ഷ വിമര്‍ശവുമായി രംഗത്തെത്തിയെങ്കിലും നിശബ്ദനാകാന്‍ തയ്യാറല്ലെന്ന നിലപാടുമായാണ് ഹരിപ്രസാദ് വീണ്ടും രംഗത്തെത്തിയിട്ടുള്ളത്.