ന്യൂഡല്‍ഹി: തെലങ്കാനയും ആന്ധ്രയും കയ്യടക്കാന്‍ നീക്കങ്ങള്‍ ശക്തമാക്കി ബിജെപി. ശനിയാഴ്ച ബിജെപിയുടെ ഈ വര്‍ഷത്തെ അംഗത്വ ക്യാംപെയ്ന്‍ ഉദ്ഘാടനം ചെയ്യാന്‍ പാര്‍ട്ടി അധ്യക്ഷന്‍ കൂടിയായ ആഭ്യന്തര മന്ത്രി അമിത് ഷാ തെലങ്കാനയിലെത്തും.
അമിത് ഷായുടെ വരവോടെ തെലങ്കാനയിലെയും ആന്ധ്രയിലെയും ഇളകി നില്‍ക്കുന്ന തെലുങ്കുദേശം, കോണ്‍ഗ്രസ് നേതാക്കളെയും അണികളെയും ബിജെപിയിലേക്ക് ആകര്‍ഷിക്കാനുളള തന്ത്രങ്ങള്‍ക്കും രൂപമാകുമെന്നാണ് സൂചനകള്‍. തെലങ്കാനയില്‍ കോണ്‍ഗ്രസില്‍ നിന്നും ആന്ധ്രയില്‍ തെലുങ്കുദേശത്തില്‍നിന്നും അണികളെയും നേതാക്കളെയും ബിജെപിയിലെത്തിക്കാനാണു ശ്രമം. കഴിഞ്ഞ ലോക്‌സഭ, നിയമസഭ തിരഞ്ഞെടുപ്പുകളിലെ വന്‍ തിരിച്ചടിയോടെ തെലങ്കാനയിലും ആന്ധ്രയിലും തെലുങ്കുദേശവും കോണ്‍ഗ്രസും തളര്‍ന്ന മട്ടാണ്. ഇക്കാര്യവുമായി ബന്ധപ്പെട്ട് ഹൈദരാബാദില്‍ പാര്‍ട്ടി നേതാക്കളുമായി അദ്ദേഹം ചര്‍ച്ച നടത്തും.
അതേസമയം, ജനാധിപത്യ വിരുദ്ധമായ മാര്‍ഗങ്ങളിലൂടെയാണ് ബിജെപി ചുവടുറപ്പിക്കാന്‍ ശ്രമിക്കുന്നതെന്ന ആക്ഷേപം തെലുങ്കുദേശവും കോണ്‍ഗ്രസും ഉയര്‍ത്തുന്നുണ്ട്. റെയ്ഡുകള്‍ നടത്തിയും ഭീഷണിപ്പെടുത്തിയും ജാതീയമായി വേര്‍തിരിച്ചുമെല്ലാം ആളെക്കൂട്ടുകയാണ് ബിജെപിയുടെ നയമെന്നാണ് അവരുടെ ആക്ഷേപം.