പാക്ക് അധിനിവേശ കശ്മീര്‍ രൂപീകരണത്തിന് കാരണം നെഹ്‌റു; ആരോപണവുമായി അമിത്ഷാ

ന്യുഡല്‍ഹി: മുന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിനെ വിമര്‍ശിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ. പാക്ക് അധിനിവേശ കശ്മീര്‍ രൂപീകൃതമായതിന് ജവഹര്‍ലാല്‍ നെഹ്റുവിനെ അമിത് ഷാ കുറ്റപ്പെടുത്തി. 1947 ല്‍ പ്രഖ്യാപിച്ച ‘സമയോചിതമല്ലാത്ത വെടിനിര്‍ത്തല്‍’ കാരണമാണ് ഈ സ്ഥിതി ഉണ്ടായതെന്ന് അദ്ദേഹം പറഞ്ഞു. പാക്കിസ്ഥാന്‍ നുഴഞ്ഞുകയറ്റക്കാര്‍ക്കെതിരെ ഇന്ത്യന്‍ സൈന്യം ശക്തമായി പൊരുതുന്നതിനിടെയായിരുന്നു നെഹ്‌റുവിന്റെ വെടിനിര്‍ത്തല്‍ പ്രഖ്യാപനമെന്നും ഷാ ആരോപിച്ചു.

ഒക്ടോബര്‍ 21ന് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന മഹാരാഷ്ട്രയില്‍ നടന്ന റാലിയില്‍ സംസാരിക്കവെയാണ് അമിത് ഷാ പ്രസ്താവന നടത്തിയിരിക്കുന്നത്.

കശ്മീരിന്റെ ഏകീകരണം സാധ്യമാകാഞ്ഞതില്‍ അന്നത്തെ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റു ഉത്തരവാദിയാണെന്നും രാജ്യത്തെ ആദ്യത്തെ ആഭ്യന്തരമന്ത്രി സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ ഈ വിഷയം കൈകാര്യം ചെയ്യണമായിരുന്നെന്നും അമിത് ഷാ അഭിപ്രായപ്പെട്ടു

“പാകിസ്ഥാനുമായി നെഹ്റു സമയോചിതമല്ലാത്ത വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിരുന്നില്ലായിരുന്നെങ്കില്‍ പാക് അധീന കശ്മീര്‍ നിലവില്‍ വരില്ലായിരുന്നു. നെഹ്റു കൈകാര്യം ചെയ്യുന്നതിനുപകരം സര്‍ദാര്‍ പട്ടേല്‍ കശ്മീര്‍ വിഷയം കൈകാര്യം ചെയ്യണമായിരുന്നു … സര്‍ദാര്‍ പട്ടേല്‍ കൈകാര്യം ചെയ്ത നാട്ടുരാജ്യങ്ങളെല്ലാം ഇന്ത്യയുടെ ഭാഗമായെന്നും” അമിത് ഷാ പറഞ്ഞു.

Top