ന്യൂഡൽഹി : മണിപ്പുരിൽ വംശീയകലാപം തുടരുന്ന സാഹചര്യത്തിൽ പ്രശ്നം ചർച്ച ചെയ്യാൻ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ സർവകക്ഷിയോഗം വിളിച്ചു. 24ന് ഉച്ചതിരിഞ്ഞ് 3നു ഡൽഹിയിലാണു യോഗം.
അതേസമയം, മണിപ്പുരിൽ കാങ്പൊക്പിയിൽ ചൊവ്വാഴ്ച രാത്രി 2 കുക്കി ഗ്രാമങ്ങൾക്കുനേരെ ആക്രമണം നടന്നു. താങ്നോ ഗ്രാമത്തിലെ വെടിവയ്പ് ഒന്നര മണിക്കൂർ നീണ്ടു. തുടർന്നു മോങ്നെല്യാങ് ഗ്രാമം ആക്രമിച്ചു. രണ്ടിടത്തും ആളപായം ഉണ്ടായതായി റിപ്പോർട്ടില്ല.
കാങ്ചുപ് മേഖലയിൽ ജെൽയാങ്ങിലും സിങ്ദയിലും ചൊവ്വാഴ്ച രാത്രി 2 മണിക്കൂറോളം വെടിയൊച്ച ഉയർന്നെങ്കിലും നേരിട്ടുള്ള ഏറ്റുമുട്ടലുകൾ ഉണ്ടായില്ലെന്നാണു വിവരം. രണ്ടിടത്തും അസം റൈഫിൾസ് സൈനികർ പരിശോധന നടത്തി. ബിഷ്ണുപുർ ജില്ലയിലെ ക്വക്ത മേഖലയിൽ നിർത്തിയിട്ടിരുന്ന വാഹനത്തിലുണ്ടായ സ്ഫോടനത്തിൽ 3 പേർക്കു പരുക്കേറ്റു. വാഹനത്തിനു സമീപം നിന്നവർക്കാണു പരുക്കേറ്റത്. തൗബാലിൽ പ്രതിഷേധക്കാർ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കോലം കത്തിച്ചു.
ഇതിനിടെ, ഗുവാഹത്തിയിൽ 2 നാഗാ എംഎൽഎമാരും 6 കുക്കി എംഎൽഎമാരും ചർച്ച നടത്തി. വരുന്ന ആഴ്ച എല്ലാ നാഗാ, കുക്കി എംഎൽഎമാരുടെയും യോഗം ഡൽഹിയിൽ ചേരുമെന്നാണു വിവരം.