ന്യൂഡല്‍ഹി: കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് കനത്ത തിരിച്ചടി നല്‍കുമെന്നും മുഖ്യമന്ത്രി സിദ്ധരാമയ്യയെ അധികാരത്തില്‍ നിന്നും പുറത്താക്കുമെന്നും ബി.ജെ.പി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ. അഴിമതി മുഖമുദ്രയാക്കിയ വിവിധ മുന്നണികളുടെ ഭരണത്തില്‍ ജനങ്ങള്‍ മടുത്തിരിക്കുകയാണെന്നും അദ്ദേഹം അറിയിച്ചു.
സിദ്ധരാമയ്യയുടെ ജന്മസ്ഥലമായ മൈസൂരുവില്‍ ബി.ജെ.പി തിരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജലത്തിലെ മത്സ്യത്തിനെപ്പോലെയാണ് അഴിമതിയും കോണ്‍ഗ്രസും തമ്മിലുള്ള ബന്ധമെന്നും അദ്ദേഹം ആരോപിച്ചു. കോണ്‍ഗ്രസിന് അഴിമതി നടത്താനുള്ള എ.ടി.എം പോലെയാണ് കര്‍ണാടക. സിദ്ധരാമയ്യയെ അധികാരത്തില്‍ നിന്നും പുറത്താക്കിയാല്‍ മാത്രമേ ഇതിന് പരിഹാരമാകൂ എന്നും അമിത് ഷാ ആരോപിച്ചു.
കുറച്ച് സീറ്റുകളില്‍ മാത്രം ജയിക്കാന്‍ കഴിയുമെന്നതിനാല്‍ ജെ.ഡി(എസ്)ന് സര്‍ക്കാരുണ്ടാക്കാന്‍ കഴിയില്ല. കോണ്‍ഗ്രസിനെ തോല്‍പ്പിക്കാന്‍ കഴിയുന്ന ഒരേയൊരു പാര്‍ട്ടി ബി.ജെ.പി മാത്രമാണ്. 3500 കര്‍ഷകര്‍ ആത്മഹത്യ ചെയ്തിട്ടും, ഇതൊരു ഒറ്റപ്പെട്ട സംഭവമെന്നാണ് സിദ്ധരാമയ്യ പറയുന്നത്. തന്റെ ഇത്രയും കാലത്തെ രാഷ്ട്രീയ ജീവിതത്തിനിടയില്‍ ഇത്രയും ഉത്തരവാദിത്തമില്ലാത്ത പ്രസ്താവന കണ്ടിട്ടില്ലെന്നും അമിത് ഷാ വ്യക്തമാക്കി.