കൊച്ചി: കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാര്‍ സ്വയം നശിക്കുമെന്നും, കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങളുടെ ഉത്തരവാദിത്വം മുഖ്യമന്ത്രി പിണറായി വിജയനാണെന്നും ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ.
ഒരു സ്വകാര്യ ചാനലിന്റെ ചോദ്യം ഉത്തരം അഭിമുഖ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുഖ്യമന്ത്രിയുടെ സ്വന്തം ജില്ലയിലെ സ്വന്തം മണ്ഡലത്തിലാണ് ബിജെപി പ്രവര്‍ത്തകര്‍ കൊല്ലപ്പെടുന്നത്. ഭരിക്കുന്നവര്‍ക്ക് ഉത്തരവാദിത്വമില്ലേ. ബിജെപിയുടെ 13 പ്രവര്‍ത്തകരാണ് കൊല്ലപ്പെട്ടത്. എല്ലാ ദിവസവും കണ്ണൂരില്‍ കൊലപാതകം നടക്കുകയാണ്.
രാഷ്ട്രീയ കൊലപാതകങ്ങളില്‍ ഒരുവശത്ത് സിപിഎം ആണെങ്കില്‍ മറുവശത്ത് ബിജെപിയാണല്ലോ എന്ന ചോദ്യത്തിന് രാഷ്ട്രീയകൊലപാതകങ്ങളില്‍ എങ്ങനെയാണ് സിപിഎമ്മിനേയും ബിജെപിയേയും താരതമ്യം ചെയ്യാനാകുക എന്നും അദ്ദേഹം ചോദിച്ചു.
എത്ര സിപിഎമ്മുകാര്‍ കൊല്ലപ്പെട്ടു, ഞങ്ങളുടെ 13 പ്രവര്‍ത്തകരാണ് കൊല്ലപ്പെട്ടതെന്നും അമിത് ഷാ പറഞ്ഞു.
എന്‍ഡിഎക്ക് കേരളത്തില്‍ 15 ശതമാനം വോട്ടുണ്ട്. വലിയ അടിത്തറയാണിത്. എന്‍ഡിഎ വിപുലപ്പെടുത്തും. 2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ നിന്ന് എന്‍ഡിഎ ഭൂരിപക്ഷം സീറ്റുകളും നേടും. കേരളത്തിലെ എല്‍ഡിഎഫ് സര്‍ക്കാര്‍ ബിജെപി, ആര്‍എസ്എസ് പ്രവര്‍ത്തകരെ കൊന്നൊടുക്കുകയാണ്. ഒന്നിന് പുറകെ ഒന്നായി കൊല്ലുകയാണ്. ഈ സര്‍ക്കാര്‍ സ്വയം നശിക്കും.
കെ.എം മാണിയുടെ കേരള കോണ്‍ഗ്രസിനെ എന്‍ഡിഎയില്‍ ഉള്‍പ്പെടുത്തുമോ എന്ന ചോദ്യത്തിന് അങ്ങനെയൊരു നീക്കവും നടത്തിയിട്ടില്ല, അദ്ദേഹമാണ് അത് തീരുമാനിക്കേണ്ടത് എന്നായിരുന്നു അമിത് ഷായുടെ മറുപടി.