ബംഗാളില്‍ വന്‍ വിജയ പ്രതീക്ഷയെന്ന് അമിത് ഷാ

കൊല്‍ക്കത്ത: ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പിന്റെ നാലാം ഘട്ടം പൂര്‍ത്തിയായ സാഹചര്യത്തില്‍ വന്‍ വിജയ പ്രതീക്ഷയെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. 135 സീറ്റുകളില്‍ 92 ലും തങ്ങളാണ് മുന്നിലെന്ന് ബിജെപിയുടെ അവകാശ വാദം. പാര്‍ട്ടിക്ക് 200 ലധികം സീറ്റുകള്‍ കൈമാറുന്ന മമത ബാനര്‍ജിക്ക് ഉചിതമായ യാത്രയയപ്പ് നല്‍കണമെന്നും അമിത് ഷാ ജനങ്ങളോട് ആവശ്യപ്പെട്ടു. പശ്ചിമബംഗാളില്‍ ഇതുവരെ നാലുഘട്ടങ്ങള്‍ പൂര്‍ത്തിയായി. അഞ്ചാം ഘട്ടത്തിന് മുന്നോടിയായി നടത്തിയ തെരഞ്ഞെടുപ്പ് പ്രചാരണ റാലിയില്‍ സംസാരിക്കുകയായിരുന്നു അമിത് ഷാ.

”മമത ബാനര്‍ജി വലിയ നേതാവാണ്. 294 അംഗ നിയമസഭയില്‍ 200 ലധികം സീറ്റുകള്‍ ബിജെപി നേടിയെന്ന് ഉറപ്പ് വരുത്തി ജനങ്ങള്‍ വലിയ യാത്രയയപ്പ് തന്നെ മമതയ്ക്ക് നല്‍കണം.” അമിത് ഷാ പറഞ്ഞു. തെരഞ്ഞെടുപ്പ് പ്രസംഗങ്ങളിലെല്ലാം ബംഗാളിന്റെ പേരിനേക്കാള്‍ കൂടുതല്‍ മമത ബാനര്‍ജി പരാമര്‍ശിച്ചത് തന്റെ പേരാണെന്നും അമിത് ഷാ പരിഹസിച്ചു. സംസ്ഥാനത്തെക്കുറിച്ച് കൂടുതല്‍ സംസാരിച്ചിരുന്നെങ്കില്‍ തെരഞ്ഞെടുപ്പില്‍ ജയിക്കാന്‍ അവസരം ലഭിക്കുമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഏപ്രില്‍ 10 ന് നടന്ന നാലാംഘട്ട തെരഞ്ഞെടുപ്പില്‍ സീതാല്‍കുച്ചിയില്‍ ഉണ്ടായ വെടിവെയ്പില്‍ നാലുപേര്‍ മരിച്ച സംഭവം വളരെ ദുഖകരമായി എന്നും ഷാ പറഞ്ഞു. ഈ നാലുപേരുടം മരണത്തെ അപലപിച്ച മമത ബാനര്‍ജി, ബിജെപി പ്രവര്‍ത്തകനായ ആനന്ദ് ബര്‍മാന്റെ പേര് ഒരിടത്തും പറഞ്ഞില്ല.

അന്നേ ദിവസം സീതാല്‍കുച്ചിയില്‍ ആനന്ദ് ബര്‍മാനെ അക്രമികള്‍ വെടിവെച്ച് കൊലപ്പെടുത്തിയിരുന്നു. വോട്ട് ബാങ്കല്ലാത്ത രാജ്ബംഗി സമുദായത്തില്‍ നിന്നുള്ള വ്യക്തിയായത് കൊണ്ടാണ് മമത ഇപ്രകാരം പെരുമാറിയതെന്നും അമിത് ഷാ വിമര്‍ശിച്ചു.

Top