പ്രധാനമന്ത്രി പദ മോഹമെല്ലാം ഉപേക്ഷിച്ച് കോൺഗ്രസ്സിനൊപ്പം കൂടി മമത ബാനർജി

രേന്ദ്രമോദിക്കും അമിത്ഷാക്കുമെതിരായ മമതയുടെ പോരില്‍ നേട്ടം കൊയ്യുന്നത് കോണ്‍ഗ്രസ്. രാഹുല്‍ഗാന്ധിയെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് അംഗീകരിക്കാതിരുന്ന മമത പുതിയ രാഷ്ട്രീയ സാഹചര്യത്തില്‍ രാഹുലിന് പിന്തുണ നല്‍കാമെന്ന നിലപാടറിയിച്ചതാണ് കോണ്‍ഗ്രസിന് നേട്ടമായത്. അമിത്ഷാക്കും നരേന്ദ്രമോദിക്കുമെതിരായ മമതയുടെ പോരാട്ടത്തിന് കോണ്‍ഗ്രസും പിന്തുണ അറിയിച്ചിട്ടുണ്ട്. മമതയുമായി യു.പി.എ അധ്യക്ഷ സോണിയാഗാന്ധി തന്നെ നേരിട്ടു നടത്തിയ ചര്‍ച്ചയിലാണ് രാഹുലിന് പിന്തുണ നല്‍കാമെന്ന നിലപാടിലേക്ക് മമത മാറിയത്. ഈ നിലപാടില്‍ അവര്‍ ഉറച്ചു നിന്നാല്‍ അത് ദേശീയ രാഷ്ട്രീയത്തില്‍ വലിയ ചലനങ്ങള്‍ക്കാണ് കാരണമാവുക.

അമിത്ഷായുടെ റോഡ് ഷോക്കിടെ ബംഗാളില്‍ ഉണ്ടായ അക്രമം തൃണമൂല്‍-ബി.ജെ.പി തെരുവുയുദ്ധമായാണ് മാറിയിരുന്നത്. ഇതോടെ ബംഗാളില്‍ പരസ്യപ്രചരണം ഒരു ദിവസം നേരത്തെ അവസാനിപ്പിക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവിടുകയും ചെയ്തിരുന്നു. ഇതേ തുടര്‍ന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ബി.ജെ.പിയുടെ ചട്ടുകമായാണ് പ്രവര്‍ത്തിക്കുന്നതെന്ന ആരോപണവുമായി മമതയും രംഗത്തെത്തി. തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ആഞ്ഞടിച്ച് തൊട്ട് പിന്നാലെ കോണ്‍ഗ്രസും രംഗത്തെത്തി. മാതൃകാപെരുമാറ്റചട്ടം മോഡിയുടെ പെരുമാറ്റചട്ടമായി മാറിയിരിക്കുകയാണെന്നാണ് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാല ആരോപിച്ചത്.


ഇതിനിടെ മമതക്ക് ശക്തമായ പിന്തുണയുമായി ബി.എസ്.പി അധ്യക്ഷ മായാവതിയും രംഗത്തെത്തി. മമതക്കെതിരെ മോദിയും അമിത്ഷായും നടത്തുന്നത് ആസൂത്രിതനീക്കമാണെന്ന് മായാവതിയും തുറന്നടിച്ചു. ബി.ജെ.പിയും അവരുടെ നേതാക്കളും മമതയെ ലക്ഷ്യംവെക്കുകയാണ്. അത് തീക്കളിയാണ്. മമതയോട് കാണിക്കുന്നത് അനീതിയാണെന്നും പ്രധാനമന്ത്രിക്ക് ചേര്‍ന്ന രീതിയിലല്ല മോദി പ്രവര്‍ത്തിക്കുന്നതെന്നും മായാവതി കുറ്റപ്പെടുത്തി.

ബംഗാളില്‍ സംഘര്‍ഷത്തിനിടെ ബംഗാള്‍ നവോത്ഥാന നായകന്‍ ഈശ്വര്‍ ചന്ദ്ര വിദ്യാസാഗറിന്റെ പ്രതിമ തകര്‍പ്പെട്ട സംഭവത്തില്‍ മോദിയും മമതയും തമ്മില്‍ വാക്പോര് തുടരുകയാണ്. തൃണമൂല്‍ ഗുണ്ടകളാണ് പ്രതിമതകര്‍ത്തതെന്നും പൊലീസ് തെളിവു നശിപ്പിക്കാന്‍ നോക്കുകയുമാണെന്നാണ് നരേന്ദ്രമോദി ആരോപിച്ചത്. പരാജയം ഭയന്ന് തന്നെ ജയിലിലടയ്ക്കുമെന്ന് മമതാബാനര്‍ജി ഭീഷണിപ്പെടുത്തുകയാണെന്നും മോദി ആരോപിക്കുന്നു. എന്നാല്‍ ഈശ്വര്‍ ചന്ദ്ര വിദ്യാസാഗറിന്റെ പ്രതിമപുനര്‍നിര്‍മ്മിക്കാന്‍ ബംഗാള്‍ സര്‍ക്കാരിനറിയാമെന്നും അതിന് മോദിയുടെ സഹായം വേണ്ടെന്നുമാണ് മമത തിരിച്ചടിച്ചത്. ബി.ജെ.പിയും തെരഞ്ഞെടുപ്പ് കമ്മീഷനും സഹോദരന്‍മാരെപ്പോലെയാണ് പ്രവര്‍ത്തിക്കുന്നതെന്നും അവര്‍ തുറന്നടിച്ചു.

മോദിയോടും അമിതഷായോടും കലി തുള്ളിനില്‍ക്കുന്ന മമത ബാനര്‍ജി മോദിയെ പ്രധാനമന്ത്രി സ്ഥാനത്തുനിന്നും താഴെ ഇറക്കാന്‍ രാഹുലിനെ പിന്തുണക്കാനും തയ്യാറാണെന്ന നിലപാടിലേക്കണ് ഇപ്പോള്‍ മാറിയിരിക്കുന്നത്. പ്രതിപക്ഷ നിരയില്‍ രാഹുല്‍ഗാന്ധിയെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് ഇതുവരെ അംഗീകരിക്കാത്ത നേതാവായിരുന്നു മമത ബാനര്‍ജി.

വാജ്പേയി പ്രധാനമന്ത്രിയാകുമ്പോള്‍ റെയില്‍വെ മന്ത്രിയായിരുന്ന മമത എന്‍.ഡി.എ സഖ്യകക്ഷിയുമായിരുന്നു. എന്നാല്‍ വാജ്പേയിയോടും അദ്വാനിയോടും ഉണ്ടായിരുന്ന ”മമത” മമതാബാനര്‍ജിക്ക് മോഡിയോടില്ല. ബി.ജെ.പി അധ്യക്ഷന്‍ അമിത്ഷായുടെ ഹെലികോപ്റ്ററിന് ഇറങ്ങാന്‍ അനുമതി നിഷേധിച്ചും അമിത്ഷായുടെ റാലിക്ക് പലതവണ അനുമതി നിഷേധിച്ചും മമത ശക്തമായിത്തന്നെയാണ് കാവിപ്പടയെ തുരത്തിയിരുന്നത്. മോദിക്കും അമിത്ഷാക്കുമെതിരായ മമതയുടെ പോര്‍വിളി മുസ്ലിം വോട്ടുകളും മമതക്ക് അനുകൂലമാക്കാനാണ് സാധ്യത.

42 ലോക്സഭാംഗങ്ങളുള്ള ബംഗാളില്‍ 34 സീറ്റും നിലവില്‍ മമതയുടെ തൃണമൂലിനാണ്. നാല് സീറ്റ് കോണ്‍ഗ്രസിനും രണ്ടു സീറ്റുകള്‍ വീതം സി.പി.എമ്മിനും ബി.ജെ.പിക്കുമാണ്. ഇത്തവണയും ബംഗാളില്‍ മമതക്ക് 30തില്‍ കുറയാത്ത എം.പിമാരുണ്ടാകുമെന്നാണ് അവകാശവാദം . ബംഗാളില്‍ 23 സീറ്റ് ലഭിക്കുമെന്നാണ് ബി.ജെ.പിയുടെ പ്രതീക്ഷ. സീറ്റുകള്‍ വര്‍ധിപ്പിക്കാന്‍ കഴിയുമെന്ന കാര്യത്തില്‍ സിപിഎമ്മിനും പ്രതീക്ഷയുണ്ട്. യു.പിയിലും ഉത്തരേന്ത്യയിലും കുറയുന്ന സീറ്റുകള്‍ക്ക് ആനുപാതികമായ നേട്ടം ബംഗാളില്‍ നിന്നും വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നും നേടാനായില്ലെങ്കില്‍ മോദിക്ക് പ്രധാനമന്ത്രി പദത്തിലെ രണ്ടാമൂഴം സ്വപ്നം മാത്രമായി മാറും. മമതയെ തകര്‍ത്താലേ ബംഗാള്‍ പിടിക്കാനാവൂ എന്ന് തിരിച്ചറിഞ്ഞാണ് മോദിയും അമിത്ഷായും മമതക്കെതിരെ പോരാട്ടം ശക്തമാക്കിയിരിക്കുന്നത്. മോദിക്കെതിരെ കോണ്‍ഗ്രസിന്റെ പിന്തുണ അനിവാര്യമാണെന്ന് മമതയും തിരിച്ചറിഞ്ഞിരിക്കുന്നു. രാഹുലിനെ പിന്തുണക്കണമെന്ന ആവശ്യവുമായെത്തിയ ആന്ധ്രമുഖ്യമന്ത്രി ചന്ദ്രബാബുനായിഡുവിനോട് നോ പറഞ്ഞ മമത പിന്നീട് സോണിയാഗാന്ധിയോട് അനുകൂല നിലപാടറിയിച്ചത് ഈ മനംമാറ്റത്തിന്റെ പ്രതിഫലനമാണ്.


മോദിക്കെതിരെ മമതയും മായാവതിയും കടുത്ത നിലപാടെടുത്ത് രംഗത്തുവരുന്നത് കോണ്‍ഗ്രസിന്റെ പ്രതീക്ഷകള്‍ക്കാണ് പുതുജീവന്‍ പകരുന്നത്. യു.പിയില്‍ ബി.ജെ.പിയേക്കാള്‍ സീറ്റ് മായാവതിയും അഖിലേഷും ചേരുന്ന വിശാല സഖ്യത്തിന് ലഭിക്കുമെന്നാണ് കണക്കുകൂട്ടല്‍. വിശാലസഖ്യവും മമതയും പിന്തുണച്ചാല്‍ കോണ്‍ഗ്രസിന് കേന്ദ്ര ഭരണം അത്ര അകലെയല്ല.

Top