രാജ്യത്തെമ്പാടുമുള്ള അനധികൃത കുടിയേറ്റക്കാരെ തൂത്തെറിയുമെന്ന് അമിത് ഷാ

amith-sha

ജയ്പൂര്‍: ഭരണവിരുദ്ധ വികാരമുണ്ടെന്ന് പ്രചരിപ്പിച്ച് തങ്ങളില്‍ നിന്ന് സംസ്ഥാനം പിടിക്കാമെന്നുള്ള കോണ്‍ഗ്രസ് മോഹങ്ങള്‍ നടപ്പില്ലെന്ന് ബിജെപി അധ്യക്ഷന്‍ അമിത് ഷാ.

അസമിലടക്കം രാജ്യത്തിന്റെ വിവിധയിടങ്ങളില്‍ അനധികൃത കുടിയേറ്റക്കാരെ സംരക്ഷിക്കുന്ന നിലപാടാണ് രാഹുല്‍ ഗാന്ധി സ്വീകരിക്കുന്നതെന്നും ഷാ കുറ്റപ്പെടുത്തി. അടുത്ത തവണയും രാജ്യത്ത് ബിജെപി അധികാരത്തിലെത്തുമെന്നും അങ്ങനെ വന്നാല്‍ ഉറപ്പായും രാജ്യത്തെമ്പാടുമുള്ള അനധികൃത കുടിയേറ്റക്കാരെ തൂത്തെറിയുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഡിസംബര്‍ ഏഴിന് നടക്കുന്ന തെരഞ്ഞെടുപ്പിന് മുന്നോടിയായി രാജസ്ഥാനിലെ നഗൗറില്‍ സംഘടിപ്പിച്ച റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അമിത് ഷാ.

കോണ്‍ഗ്രസ് ഭരിച്ച് 10 വര്‍ഷത്തിനിടെ രാജ്യത്തേക്ക് ആയിരക്കണക്കിന് അനധികൃത കുടിയേറ്റക്കാരാണ് എത്തിയത്. ഇവര്‍ക്കെതിരെ കോണ്‍ഗ്രസ് ഭരണകൂടം ഒരു നടപടികളും കൈക്കൊണ്ടില്ല. ഇത്തരക്കാരെ വോട്ട് ബാങ്ക് ആക്കാനായിരുന്നു രാഹുലിന്റെയും അദ്ദേഹത്തിന്റെ പാര്‍ട്ടിയുടെയും ശ്രമമെന്നും ഷാ ആരോപിച്ചു.

അസമില്‍ മാത്രം 40 ലക്ഷം അനധികൃത കുടിയേറ്റക്കാരെയാണ് കണ്ടെത്താനായത്. ഇവര്‍ക്ക് വേണ്ടി രാഹുല്‍ ഘോരഘോരം വാദിക്കുകയായിരുന്നു. ഇവരെ എന്തിന് പുറത്താക്കണം, ഇവരുടെ സുരക്ഷ ആര് നോക്കും, പുറത്താക്കിയാല്‍ ഇവരെങ്ങോട്ട് പോകും, എന്ത് കഴിക്കും ഇതൊക്കെയായിരുന്നു രാഹുലിന്റെ ആവലാതികള്‍- ഷാ കുറ്റപ്പെടുത്തി.

എന്നാല്‍ ഇത്തരത്തില്‍ രാജ്യത്തേക്ക് നുഴഞ്ഞുകയറിയവര്‍ നമ്മുടെ പൗരന്മാര്‍ക്ക് നേരെ നിറയൊഴിക്കുകയോ ആരെങ്കിലും അങ്ങനെ കൊല്ലപ്പെടുകയോ ചെയ്താല്‍ അവരുടെ അവകാശങ്ങള്‍ക്കും സുരക്ഷയ്ക്കും വേണ്ടി ആര് വാദിക്കുമെന്നു കൂടി രാഹുല്‍ വ്യക്തമാക്കണമെന്നും ഷാ പറഞ്ഞു.

നാല് വര്‍ഷംകൊണ്ട് ബിജെപി രാജ്യത്തിന് എന്ത് നേടിക്കൊടുത്തു എന്ന് അന്വേഷിക്കുന്നതിന് മുന്‍പ് നാല് തലമുറ രാജ്യം വാണ തന്റെ കുടുംബം രാജ്യത്തിനായി എന്ത് ചെയ്തു എന്ന് രാഹുല്‍ പറയണമെന്നും ബിജെപി അധ്യക്ഷന്‍ ആവശ്യപ്പെട്ടു.

Top