സംസ്ഥാന സർക്കാരിന്റെ ക്ഷണം നിരസിച്ച് അമിത് ഷാ; നെഹ്റു ട്രോഫിയിൽ പങ്കെടുക്കില്ല

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ ക്ഷണം നിരസിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. നെഹ്റു ട്രോഫി വള്ളം കളിയിൽ പങ്കെടുക്കില്ല. മൂന്നിന് തന്നെ തിരിച്ച് പോകും. സെപ്റ്റംബർ നാലിനു പുന്നമടക്കായലിൽ നടക്കുന്ന പരിപാടിയിലേക്ക് സംസ്ഥാന സർക്കാർ ക്ഷണിച്ചെങ്കിലും പങ്കെടുക്കുന്നില്ലെന്ന് വ്യക്തമാക്കുന്ന അദ്ദേഹത്തിന്റെ പ്രോ​ഗ്രാം ചാർട്ട് പുറത്തിറങ്ങി.

2 ന് തിരുവനന്തപുരത്ത് എത്തുന്ന അമിത് ഷാ 3 ന് തിരികെ ഡൽഹിയിലേക്ക് മടങ്ങും. ഔദ്യോഗിക തിരക്കുകൾ കാരണമാണ് അദ്ദേഹം പരിപാടിയിൽ പങ്കെടുക്കാത്തതെന്നാണ് വിശദീകരണം.

കഴിഞ്ഞ ദിവസമാണ് നെഹ്‌റു ട്രോഫി വള്ളം കളിക്ക് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ മുഖ്യമന്ത്രി പിണറായി വിജയന്‍ ക്ഷണിച്ച്. സെപ്റ്റംബര്‍ നാലിന് നടക്കുന്ന മത്സരത്തില്‍ മുഖ്യാതിഥിയായി എത്തണമെന്നും ഓണാഘോഷങ്ങളില്‍ പങ്കെടുക്കണമെന്നും 23ന് മുഖ്യമന്ത്രിയുടെ ഓഫിസില്‍ നിന്നയച്ച കത്തില്‍ അഭ്യര്‍ത്ഥിച്ചിരുന്നു. ഓഗസ്റ്റ് 30 മുതല്‍ സെപ്റ്റംബര്‍ മൂന്നു വരെ കോവളത്ത് നടക്കുന്ന ദക്ഷിണ മേഖല കൗണ്‍സില്‍ യോഗത്തില്‍ പങ്കെടുക്കാന്‍ അമിത് ഷാ കേരളത്തില്‍ എത്തുന്നുണ്ട്. ഇതിനെത്തുമ്പോള്‍ വള്ളം കളിയില്‍ പങ്കെടുക്കണമെന്നാണ് അഭ്യര്‍ത്ഥിച്ചിരുന്നത്.

Top