മാവോവാദികള്‍ക്കെതിരെ സ്വീകരിച്ചു വരുന്ന നീക്കങ്ങള്‍; ഉന്നതതല യോഗം വിളിച്ച് ചേര്‍ത്ത് അമിത് ഷാ

ന്യൂഡല്‍ഹി: മാവോവാദികള്‍ക്കെതിരെ സംസ്ഥാനങ്ങള്‍ സ്വീകരിച്ചുവരുന്ന നീക്കങ്ങളുടെ സ്ഥിതി ഗതികള്‍ വിലയിരുത്താന്‍ ഉന്നതതല യോഗം വിളിച്ചുചേര്‍ത്ത് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. മാവോവാദി സാന്നിധ്യമുളള സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും യോഗമാണ് വിളിച്ചു ചേര്‍ത്തത്. മുഖ്യമന്ത്രിമാരായ നിതീഷ് കുമാര്‍ (ബിഹാര്‍), നവീന്‍ പട്നായിക് (ഒഡീഷ), യോഗി ആദിത്യനാഥ് (യു.പി) കമല്‍നാഥ് (മധ്യപ്രദേശ്), രഘുബര്‍ ദാസ് (ജാര്‍ഖണ്ഡ്), ഭൂപേഷ് ഭാഗേല്‍ (ഛത്തീസ്ഗഢ്) എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

മാവോവാദി സാന്നിധ്യം ശക്തമായ ഛത്തീസ്ഗഢ്, ജാര്‍ഖണ്ഡ്, ഒഡീഷ, പശ്ചിമബംഗാള്‍, ബിഹാര്‍, മഹാരാഷ്ട്ര, തെലങ്കാന, ആന്ധ്രാപ്രദേശ്, മധ്യപ്രദേശ്, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാരും പോലീസ് മേധാവികളും യോഗത്തിന് എത്തിയിരുന്നു. ആഭ്യന്തര സഹമന്ത്രി ജി കിഷന്‍ റെഡ്ഡി, ആഭ്യന്തര സെക്രട്ടറി അജയ് കുമാര്‍ ഭല്ല, ഐ.ബി മേധാവി അരവിന്ദ് കുമാര്‍, അര്‍ധ സൈനിക വിഭാഗങ്ങളുടെ ഡയറക്ടര്‍ ജനറല്‍മാര്‍ തുടങ്ങിയവരും യോഗത്തില്‍ എത്തിയിരുന്നു.

ആഭ്യന്തര മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം 2009 നും 2013 നുമിടെ 8782 മാവോവാദി ആക്രമണങ്ങള്‍ രാജ്യത്ത് നടന്നുവെന്നാണ് വ്യക്തമാകുന്നത്. 2014- 2018 വര്‍ഷത്തിനിടയില്‍ ഇത് 4969 ആയി കുറഞ്ഞു. മാവോവാദി ആക്രമണങ്ങളില്‍ 43.4 ശതമാനമാണ് കുറവുണ്ടായത്. മാവോവാദി ആക്രമണങ്ങളില്‍ 2009 – 13 ല്‍ സുരക്ഷാ സൈനികരടക്കം 3326 പേര്‍ കൊല്ലപ്പെട്ടു. 2017-2018ല്‍ മരണം 60.4 ശതമാനം കുറഞ്ഞ് 1321പേരാണ് മരിച്ചത്.

ശക്തമായ നടപടികളുടെ ഫലമായി അടുത്തിടെ മാവോവാദി ആക്രമണങ്ങള്‍ വന്‍തോതില്‍ കുറഞ്ഞുവെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി ജി കിഷന്‍ റെഡ്ഡി യോഗത്തില്‍ അവകാശപ്പെട്ടു.

Top