തിരുവനന്തപുരം: കേരളത്തിലെ സാമൂഹികസ്ഥിതി ഗൗരവത്തോടെ കാണണമെന്നും കേന്ദ്രസര്‍ക്കാര്‍ വിശദമായ പരിശോധനയ്ക്കു വിധേയമാക്കണമെന്നും ആവശ്യപ്പെട്ട് ആര്‍എസ്എസ് സംസ്ഥാന നേതൃത്വം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ കാണും. 29ന് തിരുവനന്തപുരത്തെത്തുന്ന അമിത് ഷായുമായുള്ള ആര്‍എസ്എസ് കൂടിക്കാഴ്ചയില്‍ ബിജെപി നേതാക്കളുണ്ടാകില്ലെന്നാണു വിവരം.
സംസ്ഥാനത്തു തീവ്രവാദസംഘടനകള്‍ ആയുധവും പണവുമെത്തിച്ചു കലാപത്തിനു തയാറെടുക്കുന്നുവെന്നും അതിന് ഇടതുസര്‍ക്കാരിന്റെ പിന്തുണയുണ്ടെന്നും ആര്‍എസ്എസ് പറയുന്നു. വിവിധ അക്രമങ്ങളുടെ പിന്നിലെല്ലാം ഈ സംഘങ്ങളുടെ ആസൂത്രണമുണ്ടെന്ന് അറിയാമെങ്കിലും പൊലീസ് അതു വെറും രാഷ്ട്രീയ സംഭവങ്ങള്‍ എന്ന പേരില്‍ ലഘൂകരിക്കുകയും അവര്‍ക്കു പിന്തുണ നല്‍കുകയും ചെയ്യുന്നുവെന്നാണ് ആക്ഷേപം.
ബിജെപിയില്‍ പഞ്ചായത്തുതലം മുതല്‍ നടന്ന പുന:സംഘടനയുടെ റിപ്പോര്‍ട്ട് സംഘടനാ സെക്രട്ടറി ദേശീയ നേതൃത്വത്തിനു കൈമാറിയിരുന്നു. സംസ്ഥാന ഭാരവാഹിയോഗത്തില്‍ കേരളത്തിലെ ബിജെപിയുടെ വളര്‍ച്ച അമിത് ഷാ വിലയിരുത്തും.
രാവിലെ 10.30ന് വിമാനത്താവളത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, അമിത് ഷായെ സ്വീകരിക്കും. ഗവര്‍ണര്‍ക്ക് ചെന്നൈയിലേക്കു പോകാനുള്ളതുകൊണ്ട് ഇവിടെവച്ചു തന്നെ ഇരുവരും പ്രത്യേകം കൂടിക്കാഴ്ച നടത്തും. വിമാനത്താവളത്തില്‍ ബിജെപിയും വലിയ സ്വീകരണം ഏര്‍പ്പെടുത്തുന്നുണ്ട്.
ബിജെപിയിലെ പട്ടികജാതി നേതാക്കളുടെ യോഗത്തില്‍ അമിത് ഷാ പങ്കെടുക്കും. കേരളത്തിലെ മറ്റു പട്ടികജാതി സംഘടനാ നേതാക്കളെയും ഇതിലേക്കു ക്ഷണിച്ചിട്ടുണ്ട്. ബിജെപി സംസ്ഥാന ഭാരവാഹിയോഗത്തിലും പങ്കെടുത്ത ശേഷമാണ് ആര്‍എസ്എസ് നേതാക്കളുമായി കൂടിക്കാഴ്ച . വൈകിട്ട് ശംഖുമുഖം കടപ്പുറത്ത് പൊതുസമ്മേളനത്തിനു ശേഷം അമിത് ഷാ മടങ്ങും.