അമിത്ഷാ നടത്തിയ ചര്‍ച്ച വിഫലം; കലാപം ശമിക്കാതെ മണിപ്പുര്‍

ഇംഫാല്‍: ആഭ്യന്തര മന്ത്രി അമിത് ഷാ നേരിട്ടെത്തി ചര്‍ച്ചകള്‍ നടത്തിയിട്ടും മണിപ്പുര്‍ ശാന്തമാകുന്നില്ല. കഴിഞ്ഞ ദിവസം ഉണ്ടായ വെടിവെപ്പില്‍ ഒരു ബി.എസ്.എഫ്. ജവാന് വീരമൃത്യു വരിച്ചു. അര്‍ധസൈനികവിഭാഗമായ അസം റൈഫിള്‍സിലെ രണ്ടുസൈനികര്‍ക്കടക്കം നിരവധി പേര്‍ക്ക് പരിക്കേറ്റു. ഇതിനിടെ നാലു വയസുകാരനേയും അമ്മയേയും ബന്ധുവിനേയും ആള്‍ക്കൂട്ടം ആംബുലന്‍സിലിട്ട് തീവെച്ച് കൊലപ്പെടുത്തിയ വാര്‍ത്തയും പുറത്തുവന്നിട്ടുണ്ട്.

സംഘര്‍ഷങ്ങള്‍ തുടരുന്നതിനിടെ ഗോത്രവിഭാഗങ്ങള്‍ ഡല്‍ഹിയില്‍ ആഭ്യന്തര മന്ത്രി അമിത് ഷായുടെ വസതിക്ക് മുന്നില്‍ പ്രതിഷേധ മാര്‍ച്ച് നടത്തി വരികയാണ്. കുക്കി-സോമി-ഹമര്‍-മിസോസ് തുടങ്ങിയ ഗോത്രവിഭാഗങ്ങളുടെ നേതൃത്വത്തിലാണ് മാര്‍ച്ച്.

മണിപ്പുരില്‍ സമാധാനവും സുരക്ഷിതത്വവും പുനഃസ്ഥാപിക്കുക, ഗോത്രവിഭാഗക്കാര്‍ക്ക് സംരക്ഷണം നല്‍കുക, കുക്കികളുടെ ജീവനാണ് പ്രധാനം, ആര്‍ട്ടിക്കിള്‍ 356 അല്ല 355 തുടങ്ങിയ മുദ്രാവാക്യങ്ങളുയര്‍ത്തിയാണ് പ്രതിഷേധ മാര്‍ച്ച്. പ്രതിഷേധം സമാധാനപരമാണെങ്കിലും അമിത് ഷായുടെ വസതിക്ക് മുന്നില്‍ പോലീസ് ബാരിക്കേഡ് വെച്ച് പ്രതിഷേധക്കാരെ തടഞ്ഞു. അമിത് ഷായെ കാണണമെന്നും കുക്കികള്‍ ആവശ്യമുന്നയിച്ചിട്ടുണ്ട്.

സംഘര്‍ഷം തുടരുന്ന പശ്ചാത്തലത്തില്‍ ആയിരം ബിഎസ്എഫ് ജവാന്മാരെ ചൊവ്വാഴ്ച മണിപ്പുരിലേക്കയച്ചിട്ടുണ്ട്. ഒരുമാസം മുന്‍പ് കുക്കികളും മെയ്ത്തികളും തമ്മില്‍ തുടങ്ങിയ കലാപത്തില്‍ ഇതുവരെ 100 ഓളം പേരാണ് കൊല്ലപ്പെട്ടത്. മുന്നൂറിലധികം പേര്‍ക്ക് പരിക്കേറ്റു. 37,450 പേര്‍ ദുരിതാശ്വാസ ക്യാമ്പിലാണ്. പതിനായിരത്തോളം സുരക്ഷാഭടന്മാരെയാണ് സംസ്ഥാനത്ത് ക്രമസമാധനം പുനഃസ്ഥാപിക്കാന്‍ നിയോഗിച്ചിട്ടുള്ളത്.

ഞായറാഴ്ചയാണ് നാല് വസ്സുകാരനേയും അമ്മയേയും ബന്ധുവിനേയും ആള്‍ക്കൂട്ടം തീവെച്ച് കൊലപ്പെടുത്തിയത്. ടോണ്‍സിംഗ് ഹാംങ്സിങ് (4), അമ്മ മീന (45), ബന്ധു ലിദിയ (37) എന്നിവരാണ് ദാരുണമായി കൊല്ലപ്പെട്ടത്. ആംബുലന്‍സ് തടഞ്ഞുനിര്‍ത്തിയാണ് ആള്‍ക്കൂട്ടം ഇവരെ കൊലപ്പെടുത്തിയത്. മെയ്ത്തി വിഭാഗത്തില്‍പ്പെട്ട മീന കുക്കി വിഭാഗക്കാരനെയാണ് വിവാഹം ചെയ്തിരിക്കുന്നത്.

അസം റൈഫിള്‍സിന്റെ ദുരിതാശ്വാസ ക്യാമ്പിലായിരുന്നു ഈ കുടുംബം കഴിഞ്ഞിരുന്നത്. ഞായറാഴ്ച വൈകീട്ട് അഞ്ചു മണിയോടെ ഇവിടെ വെടിവെപ്പുണ്ടായി. നാലു വയസുകാരനായ ടോണ്‍സിംഗിന് വെടിയേറ്റു. തുടര്‍ന്ന് അസം റൈഫിള്‍സ് കമാന്‍ഡല്‍ പോലീസുമായി ബന്ധപ്പെട്ട് കുട്ടിയെ ഇംഫാലിലേക്ക് കൊണ്ടുപോകാന്‍ ആംബുലന്‍സ് തയ്യാറാക്കി നല്‍കി. അമ്മ മെയ്ത്തി വിഭാഗക്കാരി ആയതിനാലാണ് സമീപത്തുള്ള കുക്കി മേഖലയിലെ ആശുപത്രിയില്‍ കൊണ്ടുപോകുന്നതിന് പകരം ഇംഫാലിലേക്ക് കൊണ്ടുപോയത്.

നാല് കിലോമീറ്ററോളം അസം റൈഫിള്‍സ് ഇവര്‍ക്ക് അകമ്പടി പോയിരുന്നു. ശേഷം പോലീസിന് സുരക്ഷ കൈമാറുകയായിരുന്നുവെന്നാണ് വിവരം. എന്നാല്‍ വൈകീട്ട് 6.30 ഓടെ ഐസോയിസിംബ എന്ന സ്ഥലത്ത് വെച്ച് ആള്‍ക്കൂട്ടം ആംബുലന്‍സിന് തീയിടുകയായിരുന്നുവെന്ന് ഇവരുടെ ബന്ധുക്കളെ ഉദ്ധരിച്ച് ദി ഹിന്ദു റിപ്പോര്‍ട്ട് ചെയ്തു. ആംബുലന്‍സിലുണ്ടായിരുന്ന മൂന്ന് പേരും കൊല്ലപ്പെട്ടു. മൃതദേഹം തിരിച്ചറിയാന്‍ പറ്റാത്ത സ്ഥിതിയിലായിരുന്നുവെന്നും ബന്ധു പറഞ്ഞു. അതേ സമയം ആഭ്യന്തര മന്ത്രാലയവും മണിപ്പുര്‍ പോലീസും ഇത് സംബന്ധിച്ച് പ്രതികരണം നടത്താന്‍ തയ്യാറായിട്ടില്ല.

മണിപ്പുരിലെ ജനസംഖ്യയുടെ 53 ശതമാനത്തോളം വരുന്ന മെയ്ത്തികള്‍ ഇംഫാലിലും പരിസരത്തുമാണ് കൂടുതലും താമസിക്കുന്നത്. കുക്കികളും മറ്റു ഗോത്രവിഭാഗങ്ങളും അടങ്ങുന്ന ജനംസഖ്യയുടെ 40 ശതമാനം മലയോര ജില്ലകളിലാണ് താമസം.

 

 

Top