പ്രതിഷേധം കത്തുന്നു ; ഷില്ലോങ്ങ്,അരുണാചല്‍ സന്ദര്‍ശനം റദ്ദാക്കി അമിത് ഷാ

ന്യൂഡല്‍ഹി : പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നതിനിടെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ ഷില്ലോങ് സന്ദര്‍ശനം റദ്ദാക്കി. ഞായറാഴ്ചയായിരുന്നു അമിത് ഷായുടെ ഷില്ലോങ് സന്ദര്‍ശനം തീരുമാനിച്ചിരുന്നത്. തിങ്കളാഴ്ച അരുണാചല്‍ പ്രദേശ് സന്ദര്‍ശിക്കാനുള്ള തീരുമാനവും മാറ്റി.

അമിത് ഷാ പാസിംഗ് ഔട്ട് പരേഡിനായാണ് ഷില്ലോങിലെ നോര്‍ത്ത് ഈസ്റ്റ് പൊലീസ് അക്കാദമി സന്ദര്‍ശിക്കാന്‍ തീരുമാനിച്ചിരുന്നത്. അതേസമയം തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി അമിത് ഷാ ശനിയാഴ്ചയും തിങ്കളാഴ്ചയും ഝാര്‍ഖണ്ഡ് സന്ദര്‍ശിക്കും.

പൗരത്വ ഭേദഗതി ബില്‍ പാസാക്കിയതിന് പിന്നാലെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ വ്യാപക പ്രതിഷേധം അരങ്ങേറിയിരുന്നു. അസം, ത്രിപുര, മേഘാലയ തുടങ്ങിയ സംസ്ഥാനങ്ങളില്‍ അക്രമ സംഭവങ്ങള്‍ അരങ്ങേറിയിരുന്നു. അസമില്‍ സിആര്‍പിഎഫ് നടത്തിയ വെടിവയ്പില്‍ മൂന്ന് പേര്‍ മരിച്ചിരുന്നു.

Top