അമിതാ ഷായെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായ മെഡിക്കല്‍ പരിശോധനയ്ക്ക്

ന്യൂഡല്‍ഹി: പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി സമ്പൂര്‍ണ മെഡിക്കല്‍ പരിശോധന നടത്തുന്നതിനായാണ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്ന് ഡല്‍ഹി എയിംസ് അധികൃതര്‍. ഞായറാഴ്ച പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പിലാണ് ആശുപത്രി ഇക്കാര്യം വ്യക്തമാക്കിയത്. ശനിയാഴ്ച രാത്രി പതിനൊന്ന് മണിയോടെയാണ് അമിത് ഷായെ എയിംസില്‍ പ്രവേശിപ്പിച്ചത്.

നേരത്തെ, കോവിഡ് ബാധിച്ച അമിത് ഷാ ഡല്‍ഹി ഗുഡ്ഗാവിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. ഇതിനു ശേഷം എയിംസിലും അദ്ദേഹം ചികിത്സ തേടി. രണ്ടാഴ്ച മുന്‍പ് ആണ് അസുഖം ഭേദമായി ആശുപത്രി വിട്ടത്.

കഴിഞ്ഞ മാസം രണ്ടിനാണ് കോവിഡ് ബാധിച്ചതിനെ തുടര്‍ന്ന് ഗുഡ്ഗാവിലെ മേദാന്ത ആശുപത്രിയില്‍ ആഭ്യന്തര മന്ത്രിയെ പ്രവേശിപ്പിച്ചത്. ഓഗസ്റ്റ് 14 ന് ആശുപത്രിവിട്ട മന്ത്രി ഏതാനും ദിവസം കൂടി വീട്ടില്‍ സ്വയം നിരീക്ഷണത്തില്‍ തുടര്‍ന്നു.
എന്നാല്‍ 18ന് ക്ഷീണവും ശരീരവേദനയും അനുഭവപ്പെട്ടതോടെ എയിംസില്‍ ചികിത്സ തേടി. 13 ദിവസത്തെ ചികിത്സയ്ക്കു ശേഷം 31ന് മന്ത്രി ആശുപത്രിവിട്ടിരുന്നു.

Top