ന്യൂഡല്‍ഹി:അഭിനയത്തില്‍ നിന്നും മാറി 1984ല്‍ രാഷ്ട്രിയത്തില്‍ പ്രവേശിച്ച മെഗാ സ്റ്റാര്‍ അമിതാഭ് ബച്ചന്‍ മികച്ച ഭൂരിപക്ഷത്തോടെയാണ് അലഹബാദില്‍ നിന്നും തെരഞ്ഞെടുപ്പില്‍ വിജയിച്ചത്. എന്നാല്‍ രാജീവ് ഗാന്ധിയുടെ പിന്തുണയോടെ രാഷ്ട്രിയത്തില്‍ എത്തിയ അദ്ദേഹം മൂന്നു വര്‍ഷത്തിനു ശേഷം രാജി വച്ചു. ഇപ്പോള്‍ രാഷ്ട്രിയകാരന്‍ എന്ന നിലയ്ക്ക് തനിക്ക് ചെയ്യാന്‍ കഴിയാതെ പോയ കാര്യങ്ങളെ കുറിച്ചൊര്‍ത്ത് ദു:ഖിക്കുകയാണെന്ന് ബച്ചന്‍ പറഞ്ഞു.
”ഞാന്‍ എപ്പോഴും അതെ കുറിച്ച് ആലോചിക്കാറുണ്ട്. തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ജനങ്ങളില്‍ നിന്നും വോട്ടു ചോദിക്കുന്നതിനിടയില്‍ നിരവധി വാഗ്ദാനങ്ങള്‍ ഓരോരുത്തരും നല്‍കും. എന്റെ വാഗ്ദാനങ്ങള്‍ നടത്തിക്കൊടുക്കാന്‍ കഴിയാതെ പോയതിതില്‍ വിഷമമുണ്ട്. എന്തെങ്കിലും ഒരു കാര്യത്തില്‍ ഞാന്‍ ദു:ഖിക്കുന്നുണ്ടെങ്കില്‍ അത് ഇത് മാത്രമാണ്. നിരവധി വാഗ്ദാനങ്ങള്‍ അലഹബാദ് നഗരത്തിനും ജനങ്ങള്‍ക്കും നല്‍കി. എന്നാല്‍ അത് പൂര്‍ത്തീകരിക്കാന്‍ സാധിച്ചില്ല. ” ബച്ചന്‍ ആവര്‍ത്തിച്ചു പറയുന്നു.
”എന്റെ തീരുമാനം വൈകാരികമായിരുന്നു. ഒരു സുഹൃത്തിനെ സഹായിക്കുകയായിരുന്നു എനിക്ക് വേണ്ടത്. എന്നാല്‍ അതിലേക്ക് കടന്നതിനു ശേഷമാണ് വികാരം കൊണ്ട് അവിടെ ഒന്നു ചെയ്യാന്‍ കഴിയില്ലെന്ന് വ്യക്തമായത്. അതില്‍ പ്രവര്‍ത്തിക്കാന്‍ എനിക്ക് കഴിയില്ല എന്ന് മനസിലാക്കിയതോടെ ഞാന്‍ പിന്മാറി.” അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഒപ്പം ഈ തീരുമാനം കൊണ്ട് തനിക്ക് സൗഹൃദം നഷ്ടപ്പെട്ടില്ലെന്നും ഇപ്പോഴും ഗാന്ധി കുടുംബവുമായി സൗഹൃദത്തിലാണെന്നും അദ്ദേഹം പറഞ്ഞു.