ഗുജറാത്ത് കോണ്‍ഗ്രസ്സ് അധ്യക്ഷനായി അമിത് ചാവ്ഡയെ തിരഞ്ഞെടുത്തു

amid

അഹമ്മദാബാദ്: ഗുജറാത്ത് കോണ്‍ഗ്രസ്സ് അധ്യക്ഷനായി അമിത് ചാവ്ഡയെ തിരഞ്ഞെടുത്തു. ഭരത് സിംഗ് സോളങ്കി രാജിവച്ച ഒഴിവിലേക്കാണ് ചാവ്ഡയുടെ നിയമനം. ചൊവ്വാഴ്ച രാവിലെ ഡല്‍ഹിയില്‍ മുതിര്‍ന്ന നേതാക്കളുടെ യോഗത്തിലാണ് ചാവ്ഡയെ സംസ്ഥാന അധ്യക്ഷനായി തിരഞ്ഞെടുത്തത്. യോഗത്തില്‍ കോണ്‍ഗ്രസ്സ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി അധ്യക്ഷനായിരുന്നു.

എഐസിസി പ്ലീനറി സമ്മേളനത്തിലെ രാഹുല്‍ ഗാന്ധിയുടെ പ്രസംഗത്തിനു പിന്നാലെയാണ് ഭരത് സിംഗ് സോളങ്കി രാജിവച്ചത്. യുവാക്കള്‍ക്കു പാര്‍ട്ടി തലപ്പത്തു കൂടുതല്‍ പ്രാതിനിധ്യം വേണമെന്നും ഇതിനായി മുതിര്‍ന്ന നേതാക്കള്‍ വഴിയൊരുക്കണമെന്നും രാഹുല്‍ പ്രസംഗത്തില്‍ ആവശ്യപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് സോളങ്കി രാജിവച്ചത്.

ഗുജറാത്തിലെ നിയമസഭാ തിരഞ്ഞെടുപ്പ് തോല്‍വിയോടെ സോളങ്കി രാജിവയ്ക്കാന്‍ തയാറെടുക്കുന്നു എന്നതരത്തില്‍ വാര്‍ത്തകളുണ്ടായിരുന്നു. ഗോവ കോണ്‍ഗ്രസ്സ് അധ്യക്ഷനും രാഹുലിന്റെ പ്ലീനറി പ്രസംഗത്തിനു പിന്നാലെ രാജിവച്ചിരുന്നു. ഗോവയിലെ പാര്‍ട്ടിയുടെ അധ്യക്ഷന്‍ ശാന്താറാം നായിക് ആണ് രാജിവച്ചത്.

Top