ന്യൂഡല്‍ഹി: നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ മലയാളത്തിലെ സൂപ്പര്‍താരം മോഹന്‍ലാലിന്റെ മനസുതേടി ബി.ജെ.പി അധ്യക്ഷന്‍ അമിത്ഷാ.
കേരളത്തില്‍ അക്കൗണ്ട് തുറക്കുക എന്ന ലക്ഷ്യത്തോടെ തന്ത്രങ്ങള്‍ നീക്കുന്ന ബി.ജെ.പി അധ്യക്ഷന്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ മോഹന്‍ലാലിനെ മത്സരിപ്പിച്ച് കേരളത്തില്‍ ബി.ജെ.പി അനുകൂല തരംഗമുണ്ടാക്കാനുള്ള നീക്കമാണ് നടത്തുന്നത്. ഇനി മത്സരിക്കാന്‍ താരം തയ്യാറായില്ലെങ്കില്‍ പ്രചരണത്തിനിറങ്ങാനാണ് അഭ്യര്‍ത്ഥന.
നേരത്തെ സൂപ്പര്‍സ്റ്റാര്‍ സുരേഷ്‌ഗോപിയെ രംഗത്തിറക്കിയെങ്കിലും കാര്യമായ പ്രയോജനമുണ്ടായിരുന്നില്ല. സുരേഷ്‌ഗോപിയെ എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ ശാസിച്ചത് ബി.ജെ.പിക്ക് തിരിച്ചടിയുമായിരുന്നു. എന്‍.എസ്.എസുമായി അടുത്ത ബന്ധമുള്ള മോഹന്‍ലാലിനെ രംഗത്തിറക്കിയാല്‍ നായര്‍ വോട്ടുകള്‍ അനുകൂലമാകുമെന്ന ചിന്തയാണ് ബി.ജെ.പി കേന്ദ്ര നേതൃത്വത്തില്‍.
രാജ്യസഭാ എം.പി സ്ഥാനമടക്കമുള്ള വാഗ്ദാനങ്ങളും ലാലിനു നല്‍കിയിട്ടുണ്ട്. ഹൈദരാബാദ് സര്‍വകലാശാലയിലെ രോഹിത് വെമൂലയുടെ മരണവും കനയ്യകുമാറിന്റെ അറസ്റ്റുമായി ബന്ധപ്പെട്ടും മോഹന്‍ലാല്‍ എഴുതിയ ബ്ലോഗ് വലിയ വിവാദമായിരുന്നു. ബ്ലോഗില്‍ ബി.ജെ.പി അനുകൂല നിലപാടാണ് ലാല്‍ ഉയര്‍ത്തിപ്പിടിച്ചത്.
ഡി.വൈ.എഫ്. ഇക്കാര്യത്തില്‍ ലാലിനെതിരെ പരസ്യമായി രംഗത്തെത്തിയിരുന്നു. എന്നാല്‍ സംവിധായകന്‍ മേജര്‍ രവി, നിര്‍മ്മാതാവ് സുരേഷ് അടക്കമുള്ളവര്‍ ലാലിനെ ശക്തമായി പിന്തുണക്കുകയും ചെയ്തിരുന്നു. മോഹന്‍ലാലിന് അടുപ്പമുള്ള ചലച്ചിത്ര പ്രവര്‍ത്തകര്‍ വഴിയാണ് ബി.ജെ.പി നേതൃത്വം ലാലിന്റെ മനസറിയാനുള്ള ശ്രമം നടത്തിയത്. ഒരാഴ്ചക്കകം നിലപാട് അറിയിക്കാനാണ് ആവശ്യപ്പെട്ടിട്ടുള്ളത്.
ലാല്‍ മത്സരിച്ചാല്‍ വിജയസാധ്യതയുണ്ടെന്നാണ് ബി.ജെ.പി നേതൃത്വത്തിന്റെ വിലയിരുത്തല്‍. രാഷ്ട്രീയത്തിനതീതമായി യുവാക്കളുടെയും സ്ത്രീകളുടെയും വോട്ട് സൂപ്പര്‍താരത്തിന് ലഭിക്കുമെന്നും ബി.ജെ.പി പ്രതീക്ഷിക്കുന്നു. ലാലിന്റെ ഭാര്യ സുചിത്രയുടെ ചെന്നൈയിലെ ബന്ധുക്കള്‍ വഴിയും സമ്മര്‍ദ്ദം തുടരുന്നുണ്ട്. എന്നാല്‍ മ്ത്സരിക്കണമെന്ന ആവശ്യത്തിനോട് ഇതുവരെ മോഹന്‍ലാല്‍ മനസുതുറന്നിട്ടില്ല.
കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ചാലക്കുടിയില്‍ കോണ്‍ഗ്രസ് നേതാവ് പി.സി ചാക്കോയെ സിനിമാതാരം ഇന്നസെന്റ് പരാജയപ്പെടുത്തിയിരുന്നു. സുപ്പര്‍ സ്റ്റാര്‍ മമ്മുട്ടിയാണ് സി.പി.എം നേതൃത്വത്തോട് ഇന്നസെന്റിനെ മത്സരിപ്പിക്കാന്‍ ആവശ്യപ്പെട്ടത്. ഇത്തവണ സിനിമാതാരം മുകേഷിനെ കൊല്ലത്ത് സി.പി.എം സ്ഥാനാര്‍ത്ഥിയാക്കുന്നുണ്ട്. കോണ്‍ഗ്രസ് പത്തനാപുരത്ത് നടന്‍ ജഗദീഷിനെയും പരിഗണിക്കുന്നുണ്ട്.